വ്യവസായ വളർച്ച: ഉദ്ദേശ്യം ശുദ്ധമെങ്കില്‍ സര്‍ക്കാരിനൊപ്പമെന്നു ശശി തരൂര്‍
Tuesday, March 4, 2025 2:57 AM IST
കൊച്ചി: കേരളത്തില്‍ വ്യവസായം വളരണമെന്നും കൂടുതല്‍ നിക്ഷേപം വരണമെന്നുമാണു സര്‍ക്കാരിന്റെ സത്യസന്ധമായ ഉദ്ദേശ്യമെങ്കില്‍ തന്റെ പൂര്‍ണ പിന്തുണ അതിനുണ്ടാകുമെന്നു ഡോ. ശശി തരൂര്‍ എംപി.
നാടു വളരണമെന്ന നിലപാടാണു തനിക്കുള്ളത്. അതില്‍ മാറ്റമുണ്ടാകില്ല. ജനങ്ങളുടെ ആവശ്യം മനസിലാക്കി മികച്ച പ്രകടന പത്രികയുമായി തെരഞ്ഞെടുപ്പിനെ നേരിടാനായാല്‍ കോണ്‍ഗ്രസിനു വിജയിക്കാനാകുമെന്നും കൊച്ചിയില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
"സംസ്ഥാനത്തിന്റെ ഭാവിക്കു വികസനം വേണം. കൂടുതല്‍ നിക്ഷേപം വരണം. അതിനായി വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കണം. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ റിപ്പോര്‍ട്ട് എന്നെ സന്തോഷിപ്പിച്ചു. ഞാന്‍ ആഗ്രഹിച്ച കാര്യങ്ങളാണു റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ ലേഖനം എഴുതിയത്. ഇപ്പോള്‍ കണക്കുകളിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.
പുതിയ കേന്ദ്ര നിയമത്തിന്റെ പശ്ചാത്തലത്തില്‍ നിലവിലുള്ള സ്റ്റാര്‍ട്ടപ്പുകളും ഉദയം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതാണ് എണ്ണം വര്‍ധിക്കാന്‍ കാരണമായതെന്നാണു പുതിയ റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, ഒട്ടേറെ സ്ഥാപനങ്ങള്‍ ഇക്കാലത്തിനിടെ അടച്ചുപൂട്ടിയിട്ടുണ്ടെന്നും മാധ്യമ വാര്‍ത്തകളുണ്ട്. വാര്‍ത്തകള്‍ തെറ്റാണെങ്കില്‍ ബന്ധപ്പെട്ടവര്‍ അതിനോട് പ്രതികരിക്കട്ടെ.
കണക്കുകളെ മാറ്റി നിര്‍ത്തിയാല്‍ സര്‍ക്കാരിന്റെ ഉദ്ദേശ്യം സത്യസന്ധമാണെങ്കില്‍ അതിനോടൊപ്പമാണ് എന്റെ നിലപാട്. ഇപ്പോള്‍ വികസനത്തിനുവേണ്ടി വാദിക്കുന്നവര്‍ പ്രതിപക്ഷത്ത് വന്നാലും ഇതേ നിലപാടില്‍ നിലകൊള്ളണം. നാടിന്റെ വികസനമാകണം മുഖ്യലക്ഷ്യം. അതിനു വേണ്ടി എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടായി നില്‍ക്കണം'- തരൂര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിനു മുന്‍പേ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന രീതി കോണ്‍ഗ്രസിനില്ല. അങ്ങനെ ചര്‍ച്ചകള്‍ വഴിതിരിച്ചുവിടേണ്ട. ഐക്യമാണു പ്രധാനം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെക്കുറിച്ചാണ് ചര്‍ച്ചകള്‍ നടക്കേണ്ടത്.
കെട്ടിടം നിര്മിച്ചശേഷമാണു ഫര്‍ണീച്ചറുകള്‍ വാങ്ങുന്നതിനെ കുറിച്ചും അതില്‍ ആരൊക്കെ ഇരിക്കണമെന്നതിനെക്കുറിച്ചുമൊക്കെ തീരുമാനിക്കേണ്ടത്. ശേഷിക്കുന്നതൊക്കെ ഇപ്പോള്‍ അപ്രധാനകാര്യങ്ങളാണെന്നും തരൂര്‍ പറഞ്ഞു.