മദ്യപിക്കുന്നവരെ പുറത്താക്കും: എം.വി. ഗോവിന്ദൻ
Tuesday, March 4, 2025 2:57 AM IST
കൊല്ലം: സിപിഎമ്മില്‍ പ്രായപരിധി കര്‍ശനമായിതന്നെ നടപ്പാക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. മദ്യപിക്കുന്നവർക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതുമുഖങ്ങളെയും വനിതകളെയും സംസ്ഥാന കമ്മിറ്റിയില്‍ കൂടുതലായി ഉള്‍പ്പെടുത്തും. മുഖ്യമന്ത്രി പിണറായി വിജയന് മുന്‍ വര്‍ഷത്തെപ്പോലെ പ്രായപരിധിഇളവ് തുടരും. സംസ്ഥാന കമ്മിറ്റിയിലെ അംഗസംഖ്യ വര്‍ധിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടിയുടെ ജനപിന്തുണ 50 ശതമാനത്തിന് മുകളില്‍ ഉയര്‍ത്താനാവശ്യമായ കൂടിയാലോചനകള്‍ നടത്തും. കഴിഞ്ഞ സമ്മേളനത്തിന് ശേഷം അംഗങ്ങളുടെ എണ്ണത്തില്‍ 37,517 പേരുടെ വര്‍ധനയുണ്ടായി. ബ്രാഞ്ച്, ലോക്കല്‍ കമ്മിറ്റികളിലും വര്‍ധനയുണ്ടായി.
ബ്രാഞ്ചുകളുടെ എണ്ണത്തില്‍ 3247 വര്‍ധിച്ച് 38,426ആയി ഉയര്‍ന്നു. 171 എണ്ണം വര്‍ധിച്ച് 2414 ലോക്കല്‍ കമ്മിറ്റികളായി. 210 ഏരിയാ കമ്മിറ്റികളും നിലവിലുണ്ട്. 2,597 വനിതകള്‍ ബ്രാഞ്ച് സെക്രട്ടറിമാരായി പ്രവര്‍ത്തിക്കുന്നു. 40 വനിതകള്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരും മൂന്നുപേര്‍ ഏരിയാക്കമ്മിറ്റി സെക്രട്ടറിമാരുമാണ്.
ലഹരിക്കെതിരേ ജനകീയ മുന്നേറ്റം
ലഹരിമരുന്നിന്റെ വില്പനയും ഉപയോഗവും വര്‍ധിക്കുന്നതിനെതിരേ ജനകീയ മുന്നേറ്റം സാധ്യമാകണം. കക്ഷിരാഷ്ട്രീയം നോക്കാതെ എല്ലാവരും ഒന്നിച്ച് പോരാടണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ സ്കൂളുകളില്‍ ഉള്‍പ്പടെ ഇടപെടല്‍ നടത്തും.
പാര്‍ട്ടി അംഗങ്ങള്‍ മദ്യപിക്കാന്‍ പാടില്ലെന്നും മദ്യപിക്കരുതെന്ന് ഭരണഘടനാപരമായിതന്നെ പറയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മദ്യപിക്കുന്നുവർക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാകില്ല. മദ്യപിക്കുന്നുവെന്ന് തെളിഞ്ഞാൽ അവരെ പാർട്ടിയിൽനിന്നു പുറത്താക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.
ആഴക്കടലിനെ ലോകത്തെതന്നെ വലിയ കുത്തക മുതലാളിമാര്‍ക്ക് തീറെഴുതുന്ന കേന്ദ്ര നടപടിയെ എതിര്‍ക്കുന്നതാണ് പാര്‍ട്ടിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും നിലപാട്. കേന്ദ്രം ആഴക്കടല്‍ ലോകത്തെ ഏറ്റവും വലിയ കുത്തക മുതലാളിമാര്‍ക്ക് നല്‍കുകയാണ്.
സിപിഎം ഇതിനെ തുടക്കം മുതല്‍ എതിര്‍ത്തുവരികയാണ്. സംസ്ഥാന സര്‍ക്കാരും എതിരാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.