ഭാരവും ക്ഷമയും
Tuesday, March 4, 2025 2:20 AM IST
ഡോ. ജി. കടൂപ്പാറയില്‍ എംസിബിഎസ്
ഏകദേശം അഞ്ചു ലക്ഷത്തോളം ആളുകള്‍ക്കാണ് റുവാണ്ടന്‍ വംശഹത്യയില്‍ ജീവന് നഷ്ടപ്പെട്ടത്. അതില്‍നിന്നു രക്ഷപ്പെട്ട് പിന്നീട് എഴുത്തുകാരിയും മോട്ടിവേഷണല്‍ സ്പീക്കറുമായി മാറിയ ആളാണ് ഇമ്മാക്കുലി ഇലിബാജിസ.
വംശഹത്യയുടെ സമയത്ത് ഇമ്മാക്കുലിയും മറ്റ് ഏഴു സ്ത്രീകളും 91 ദിവസങ്ങള്‍ ഒരു ബാത്റൂമിലാണ് ഒളിച്ചിരുന്നത്. 12 സ്ക്വയര്‍ഫീറ്റ് മാത്രമായിരുന്നു ആ ബാത്റൂമിന്റെ വലിപ്പം. വംശഹത്യക്കിടയില്‍ അവളുടെ അപ്പനും അമ്മയും രണ്ടു സഹോദരങ്ങളും കൊല്ലപ്പെട്ടു.
ഒളിച്ചിരുന്ന 91 ദിവസങ്ങളും അവള് ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ അഭയംതേടി കരുത്തു കണ്ടെത്തി. എന്നു മാത്രമല്ല, തന്റെ കുടുംബാംഗങ്ങളെ വധിച്ചവരോട് നിരുപാധികം ക്ഷമിച്ചു. 2006ല്‍ അവള് എഴുതിയ പുസ്തകത്തില്‍ (Left to Tell: Discovering God Amidst the Rwandan Holocaust) ഇക്കാര്യങ്ങൾ വിവരിക്കുന്നുണ്ട്.
മനസിലെ ഭാരം
ശത്രുക്കളോടു ക്ഷമിച്ചപ്പോള്‍ മനസിലെ ഭാരം ഇല്ലാതായി എന്നതായിരുന്നു അവളുടെ അനുഭവം. നോമ്പുകാലത്ത് നമ്മള് ഓരോരുത്തരും സ്വീകരിക്കേണ്ട മനോഭാവമാണിത്. ക്ഷമിക്കുക എന്നത് മനസിന്റെ ഭാരം ലഘൂകരിച്ച് കൂടുതല്‍ സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവസരം നൽകുന്നു.
നിരവധി പേര് നമ്മെ ഉപദ്രവിക്കുകയും വേദനിപ്പിക്കുകയും ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ടാകാം. ക്ഷമിക്കുന്നില്ലെങ്കില്‍ അവരെക്കുറിച്ചുള്ള ഓര്മകളാല് നമ്മുടെ മനസ് ഭാരപ്പെട്ടിരിക്കും. എന്നുവച്ചാല്‍, ആരാണോ ഒരിക്കല്‍ ഉപദ്രവിച്ചത് അവരെ നമ്മള് മനസില്‍ കൊണ്ടുനടക്കുന്നു. വീണ്ടും വീണ്ടും ഉപദ്രവിക്കപ്പെടാനായി നമ്മള് നമ്മളെ അവര്‍ക്ക് വിട്ടുകൊടുക്കുന്നു.നമ്മുടെ എല്ലാ ആന്തരിക സമാധാനവും സ്വസ്ഥതയും ഇല്ലാതാക്കുന്ന അവസ്ഥയാണിത്.
അതിനെ മറികടക്കാനുള്ള ഏക പോംവഴി നിരുപാധികം ക്ഷമിക്കുക എന്നതു മാത്രമാണ്. ക്ഷമിക്കുന്നതിലൂടെ മറ്റാര്‍ക്കും നല്‍കാനാകാത്ത വിധമുള്ള സമാധാനം നേടിയെടുക്കാന്‍ നമുക്കാകും. ഉള്ളില്‍നിന്നുതന്നെ സമാധാനം നേടിയെടുക്കുന്ന സാഹചര്യം നമുക്കുണ്ടാകും.
നമ്മളെ ഉപദ്രവിച്ചവരോട് പ്രതികാരം ചെയ്യാനും പകരം ചോദിക്കാനും പോകേണ്ട ആവശ്യമില്ല.പോയാല്‍ സ്വന്തം ജീവിതത്തിന്റെ അര്‍ഥവും ലക്ഷ്യവും ഇല്ലാതെയാകും എന്നതല്ലാതെ മറ്റൊന്നും സംഭവിക്കില്ല. അര്‍ഥവും ലക്ഷ്യവുമില്ലാത്ത ജീവിതം നയിച്ചിട്ട് എന്തു നേടാൻ?
തിരിച്ചും ചിന്തിക്കുക. നമ്മളും മറ്റുള്ളവരെ ഉപദ്രവിച്ചിട്ടുണ്ടല്ലോ. നമ്മള് ഉപദ്രവിച്ച എല്ലാവരും നമ്മോടു പ്രതികാരം ചെയ്യാന്‍ വന്നാല്‍ എന്തായിരിക്കും അവസ്ഥ. അങ്ങനെ സംഭവിച്ചാല്‍, ജീവിതത്തിലെ ഒരു ദിവസം പോലും സമാധാനത്തോടെ ചെലവഴിക്കാന്‍ നമുക്കു കഴിയില്ല. അതിനാല്‍ ക്ഷമയാണ് ഏറ്റവും നല്ല മരുന്നും മനോഭാവവും എന്നു തിരിച്ചറിയുക.
ചില ചിത്രങ്ങൾ
തന്നെ കുരിശില്‍ തറച്ചവരോടു നിരുപാധികം ക്ഷമിക്കുന്ന ക്രിസ്തു സമാനതകളില്ലാത്ത മാതൃകയാണ് നമ്മുടെ മുന്നില്‍ ഉയര്‍ത്തുന്നത്. ക്ഷമിച്ച ക്രിസ്തുവാണ് ഉത്ഥാനത്തിന്റെ മഹത്വത്തിലേക്കു പ്രവേശിക്കുന്നത്. ക്ഷമിക്കുമ്പോള്‍ നമ്മളും പുതുജീവിതത്തിലേക്കു പ്രവേശിക്കും.
സ്വന്തം ജീവിതത്തിലേക്കു തിരിഞ്ഞുനോക്കുമ്പോള്‍ ഇനിയും ക്ഷമിക്കാനുള്ള ചിലരുടെ ചിത്രങ്ങള്‍ മനസില്‍ തെളിഞ്ഞുവരാന്‍ സാധ്യതയുണ്ട്. അവരില്‍ ഒരാളോടെങ്കിലും ക്ഷമിക്കാൻ പറ്റിയാല്‍ അത്രയും ഭാരം മനസില്‍നിന്ന് ഒഴിവാകും. നോമ്പിന്റെ പുണ്യകാലത്ത് അതെങ്കിലും ചെയ്യാന്‍ നമുക്കു സാധിക്കട്ടെ. ഭാരമില്ലാത്ത മനസുമായി ജീവിതയാത്ര തുടരാന്‍ കഴിയട്ടെ.