കൊച്ചി വിമാനത്താവളത്തിൽ മാലിന്യക്കുഴിയിൽ വീണ് മൂന്നു വയസുകാരൻ മരിച്ചു
Saturday, February 8, 2025 1:42 AM IST
നെടുമ്പാശേരി: സഹോദരനൊപ്പം കളിച്ചുകൊണ്ടിരുന്ന മൂന്നു വയസുകാരൻ മാലിന്യക്കുഴിയിൽ വീണു മരിച്ചു. രാജസ്ഥാൻ സ്വദേശി സൗരഭിന്റെ മകൻ റിദ്ദൻ ജാജുവാണ് കൊച്ചി വിമാനത്താവളത്തിൽ കഫറ്റേരിയയ്ക്കു സമീപത്തെ മാലിന്യക്കുഴിയിൽ വീണു മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
11.30 ന് ജയ്പുരിൽനിന്നുള്ള വിമാനത്തിലാണ് മൂന്നു വയസുകാരൻ മാതാപിതാക്കൾക്കൊപ്പം നെടുമ്പാശേരിയിലെത്തിയത്. ആഭ്യന്തര ടെർമിനലിനു പുറത്ത് ‘അന്നാ സാറ’ കഫെയുടെ പിൻഭാഗത്ത് സഹോദരനൊപ്പം കളിക്കുന്നതിനിടെയായിരുന്നു അപകടം.
പൊതുജനങ്ങൾക്ക് പ്രവേശനമില്ലാതിരുന്ന സ്ഥലത്താണ് അപകടം നടന്നതെന്ന് സിയാൽ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഇവിടേക്കു നടവഴിയില്ല. ഈ ഭാഗത്ത് ഒരുവശം കെട്ടിടവും മറ്റു മൂന്നു വശങ്ങളിലും ബൊഗെയ്ൻവില്ല ചെടികൾ കൊണ്ടുള്ള വേലിയുമാണ്.
ഒരു സംഘത്തിനൊപ്പമാണ് കുട്ടിയുടെ മാതാപിതാക്കൾ ഈ പരിസരത്തെത്തിയത്. അൽപ്പനേരം കഴിഞ്ഞപ്പോഴാണ് കുട്ടിയെ കാണാതായത്. കുട്ടിയെ അന്വേഷിച്ചിട്ട് കണ്ടെത്താൻ കഴിയാതിരുന്ന മാതാപിതാക്കൾ വിമാനത്താവള അധികൃതരെ വിവരമറിയിച്ചു. ഉടൻ സുരക്ഷാവിഭാഗത്തിന്റെ സഹായത്തോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് കുട്ടി ബൊഗെയ്ൻ വില്ലയുടെ വേലി കടന്ന് മാലിന്യക്കുഴിയിൽ വീണതായി കണ്ടെത്തിയത്.
കുട്ടിയെ ഉടൻ പുറത്തെടുത്ത് പ്രാഥമിക ചികിത്സ നൽകിയ ശേഷം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയുടെ മാതാപിതാക്കൾക്ക് എല്ലാവിധ പിന്തുണയും സഹായവും നൽകുമെന്ന് സിയാൽ അറിയിച്ചു.