കുട്ടിക്കടുവകൾ ചത്തത് മറ്റൊരു കടുവയുടെ ആക്രമണത്തിൽ
Friday, February 7, 2025 4:26 AM IST
കൽപ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് മയ്യക്കൊല്ലി വനത്തിൽ രണ്ടു കുട്ടിക്കടുവകൾ ചത്തത് മറ്റൊരു കടുവയുടെ ആക്രമണത്തിൽ.
ഇന്നലെ വന്യജീവി സങ്കേതത്തിലെ കുപ്പാടി ആർആർടി കോംപ്ലക്സിൽ ദേശീയ കടുവാ സംരക്ഷണ അഥോറിറ്റിയുടെ മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കടുവക്കുട്ടികളുടെ മരണകാരണം വ്യക്തമായത്. ഡബ്ല്യുസിസിബി വൈൽഡ് ലൈഫ് ഇൻസ്പെക്ടർ ഡി. ആദിമല്ലയ്യയുടെ സാന്നിധ്യത്തിലായിരുന്നു പോസ്റ്റ്മോർട്ടം.
കുറിച്യാട് വൈൽഡ് ലൈഫ് റേഞ്ചിലെ താത്തൂർ സെക്ഷനിലാണ് കുട്ടിക്കടുവകളെ ചത്തനിലയിൽ കണ്ട മയ്യക്കൊല്ലി. ഒരു വയസേ തോന്നിക്കുന്ന ആൺ, പെണ് കടുവകളാണു ചത്തത്. ബുധനാഴ്ച ഉച്ചയ്ക്ക് മയ്യക്കൊല്ലിയിൽ റോഡരികിലാണ് ആണ്‍കടുവയുടെ ജഡം വനസേന കണ്ടെത്തിയത്.
പ്രദേശത്ത് വിശദപരിശോധന നടത്തുന്നതിനിടെയാണ് 50 മീറ്റർ മാറി പെണ്‍കടുവയുടെ ജഡം കണ്ടത്. രണ്ട് കടുവകളുടെയും കഴുത്തിൽ ആഴമുള്ള മുറിവുകളുണ്ട്. പെണ്‍കടുവയുടെ ദേഹത്ത് ഒന്നിലധികം മുറിവുകളുണ്ട്.
ആണ്‍കടുവയുടെ മരണകാരണം വെറ്റിബ്രൽ ഒടിവും സുഷുമ്നാനാഡി മുറിഞ്ഞതുമാണെന്നു പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. തലയോട്ടിയിലെ പൊട്ടലും തലച്ചോറിനേറ്റ ക്ഷതവുമാണ് പെണ്‍കടുവയുടെ മരണകാരണം. കടുവയുടെ കടിയേറ്റ പാടുകൾ പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി കാണാനായി.
ഇണചേരൽ കാലത്ത് പ്രായപൂർത്തിയായ ആണ് കടുവകൾ കുഞ്ഞുങ്ങളെ ആക്രമിക്കുന്നത് അപൂർവതയല്ല. മാർജാര വംശത്തിലെ മറ്റു ജീവികളിലും ഈ സ്വഭാവമുണ്ട്. സൗത്ത് വയനാട് വനം ഡിവിഷനിലെ ഓടത്തോടിനു സമീപം കാപ്പിത്തോട്ടത്തിലും ബുധനാഴ്ച കുട്ടിക്കടുവയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.
അഴുകിയ നിലയിലായിരുന്നു ഒന്നര വയസുള്ള കടുവയുടെ ജഡം. മറ്റൊരു കടുവയുമായുള്ള സംഘട്ടനമാണ് ഈ കടുവയുടെ മരണത്തിനു കാരണമായതെന്നാണ് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയത്. കടുവകൾ ചത്തതിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.