മുഖ്യമന്ത്രിയുടെ സുരക്ഷാഡ്യൂട്ടിക്കിടെ കുശലാന്വേഷണം; രണ്ടുപേർക്ക് കാരണം കാണിക്കൽ നോട്ടീസ്
Friday, February 7, 2025 2:12 AM IST
കൊച്ചി: മുഖ്യമന്ത്രിയുടെ സുരക്ഷാഡ്യൂട്ടിക്കിടെ “കുശലാന്വേഷണ’’ ത്തിന് കൂടുതല്‍ സമയമെടുത്ത രണ്ടു വനിതാ പോലീസ് ഉദ്യോഗസ്ഥർക്കു കാരണം കാണിക്കൽ നോട്ടീസ്.
കളമശേരി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷബ്ന ബി. കമാല്‍, ജ്യോതി ജോര്‍ജ് എന്നിവർക്കാണ് തൃക്കാക്കര അസി.കമ്മീഷണറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അശ്വതി ജിജി നോട്ടീസ് നല്‍കിയിരിക്കുന്നത്.
ജനുവരി 14 ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ സംഘടിപ്പിച്ച രാജ്യാന്തര കോണ്‍ക്ലേവില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്ന ഉദ്ഘാടനചടങ്ങിനിടെയാണ് ഇരുവരും ഡ്യൂട്ടിയില്‍ ശ്രദ്ധിക്കാതെ കുശലാന്വേഷണം നടത്തിയതായി കണ്ടെത്തിയത്.
ഷബ്ന ബി. കമാലിന് എക്സിബിഷന് ഹാള്‍ ഡ്യൂട്ടിയും ജ്യോതി ജോര്‍ജിന് കോമ്പൗണ്ടിലെ മഫ്തി ഡ്യൂട്ടിയുമായിരുന്നു നല്‍കിയത്.
അതീവ സുരക്ഷാ പ്രധാന്യമുള്ള മുഖ്യമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ ഡ്യൂട്ടിക്ക് യാതൊരു പ്രധാന്യവും കൊടുക്കാതെയാണ് ഉദ്യോഗസ്ഥര്‍ സംസാരിച്ചതെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്.
ഇരുവരുടെയും പ്രവൃത്തി ഗുരുതരമായ അച്ചടക്ക ലംഘനവും കൃത്യവിലോപവുമാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായും റിപ്പോര്‍ട്ടിൽ പറയുന്നു. അന്വേഷണം നടത്താന്‍ കൊച്ചി മെട്രോ പോലീസ് ഇന്സ്പക്ടറെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് നിർദേശം.