കര്‍ഷകശ്രേഷ്ഠ പുരസ്കാരം ജോസഫ് കോരയ്ക്ക്
Friday, February 7, 2025 2:12 AM IST
ആലപ്പുഴ: കൃഷി ശാസ്ത്രജ്ഞനും കൃഷി വകുപ്പ് മുന്‍ ഡയറക്ടറുമായ ആര് ഹേലിയുടെ സ്മരണാര്‍ഥം ആലപ്പുഴ ജില്ലാ അഗ്രി ഹോര്‍ട്ടിക്കള്‍ച്ചറല്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ ആര്. ഹേലി സ്മാരക കര്‍ഷക ശ്രേഷ്ഠ പുരസ്കാരം കര്ഷകന് ജോസഫ് കോരയ്ക്ക്. ആലപ്പുഴ ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.
15,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം. രാമങ്കരി മാമ്പുഴക്കരി സ്വദേശിയും 83 കാരനുമായ കരിവേലിത്തറ ജോസഫ് കോര സംയോജിത കര്‍ഷകനാണ്. ഭാര്യ പരേ തയായ തരുണി ജോസഫ്. രാഷ്ട്രദീപിക ലിമിറ്റഡ് ഡിജിഎം (എച്ച്ആര്‍) കോര ജോസഫ് മകനാണ്.
ജില്ലയിലെ പതിനാറോളം കര്‍ഷകരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ജേതാവിനെ തിരഞ്ഞെടുത്തതെന്നും എണ്‍പത്തിമൂന്നാം വയസിലും കൃഷി ജീവിത ദൗത്യമായി കൊണ്ടു നടക്കുന്ന അദ്ദേഹം ജില്ലയിലെ മുഴുവന്‍ കര്‍ഷകര്‍ക്കും പ്രചോദനമാണെന്നും ജില്ലാ കളക്ടര്‍ പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു.
പുരസ്കാര സമര്‍പ്പണം മാര്‍ച്ച് ആദ്യവാരം കളക്ടറേറ്റില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വഹിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.