വഖഫ് സംരക്ഷണവേദിയെ തിരുത്തി ഹൈക്കോടതി
Friday, February 7, 2025 4:26 AM IST
കൊച്ചി: മുനമ്പം ജുഡീഷൽ കമ്മീഷന്റെ നിയമസാധുത ചോദ്യം ചെയ്ത ഹർജിയിൽ, ഭൂസംരക്ഷണ സമിതി കക്ഷിചേരുന്നതിനെ എതിർത്ത വഖഫ് സംരക്ഷണവേദിയെ തിരുത്തി ഹൈക്കോടതി. വിഷയത്തിൽ ഭൂസംരക്ഷണ സമിതിയെ കേൾക്കേണ്ടതുണ്ടെന്നു ജസ്റ്റീസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി.
തങ്ങൾ ഹൈക്കോടതിയിൽ നൽകിയ റിട്ട് ഹർജിയിൽ ഭൂസംരക്ഷണ സമിതി ചെയർമാൻ ജോസഫ് റോക്കി പാലക്കലും സമരസമിതി കൺവീനർ ജോസഫ് ബെന്നി കുറുപ്പശേരിയും കക്ഷിചേരുന്നതിനെയാണ് വഖഫ് സംരക്ഷണവേദി എതിർത്തത്.
ഭൂസംരക്ഷണ സമിതിക്കുവേണ്ടി ഹാജരായ അഡ്വ. ജോർജ് പൂന്തോട്ടത്തിന്റെ വാദങ്ങൾ ശരിവച്ചുകൊണ്ട് ജോസഫ് റോക്കി പാലക്കലിനെയും ജോസഫ് ബെന്നി കുറുപ്പശേരിയെയും കേസിൽ കക്ഷി ചേർക്കാൻ കോടതി അനുവാദം നൽകി.
ഇവർ സമർപ്പിച്ച ഉപഹർജി കോടതി ഫയലിൽ സ്വീകരിച്ചു. ഹർജിയിൽ സത്യവാങ്മൂലം നൽകാൻ സർക്കാരിനും കോടതി നിർദേശം നൽകി. ഹർജി അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.