മയക്കുവെടി പാളി; പുലി കടന്നു
Friday, February 7, 2025 4:26 AM IST
കാസർഗോഡ്: ബേഡഡുക്ക കൊളത്തൂർ മടന്തക്കോട് പാറമടയിലെ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ പുലി മയക്കുവെടി വയ്ക്കാനുള്ള ശ്രമത്തിനിടെ രക്ഷപ്പെട്ടു. പുലി പുറത്തുകടക്കാതിരിക്കാൻ തുരങ്കത്തിന്റെ കവാടത്തിനു സമീപം കല്ലുകളും കൂടും സ്ഥാപിച്ചിരുന്നെങ്കിലും മയക്കുവെടി വയ്ക്കാനുള്ള സൗകര്യത്തിനായി ഇതു മാറ്റിയിരുന്നു.
വ്യാഴാഴ്ച പുലർച്ചെ മൂന്നോടെയാണു വയനാട്ടിൽനിന്നും കണ്ണൂരിൽനിന്നുമുള്ള വിദഗ്ധരെത്തി മയക്കുവെടി വച്ചത്. എന്നാൽ വെടിയുടെ ശബ്ദം കേട്ടപ്പോൾത്തന്നെ പുലി തുരങ്കത്തിനുള്ളിൽനിന്നു കുതറിച്ചാടി ഓടുകയായിരുന്നു. പുലിക്ക് മയക്കുവെടി കൊണ്ടിട്ടുണ്ടെന്നായിരുന്നു വനംവകുപ്പിന്റെ നിഗമനമെങ്കിലും സമീപപ്രദേശങ്ങളിലൊന്നും പുലിയെ കണ്ടെത്താനായില്ല.
എവിടെയെങ്കിലും മയങ്ങിവീണിരുന്നെങ്കിൽതന്നെ മണിക്കൂറുകൾ കഴിഞ്ഞ് ബോധം വീണ്ടെടുത്തിരിക്കാമെന്നാണു കരുതുന്നത്. പാറമടയ്ക്കുള്ളിൽ മുള്ളൻപന്നിയെ പിടിക്കാനായി ആരോ വച്ചിരുന്ന കമ്പികൊണ്ടുള്ള കുരുക്കിൽ പുലിയുടെ കാൽ കുടുങ്ങിയതായി കണ്ടെത്തിയിരുന്നു.
മയക്കുവെടി വച്ചതിന്റെ വെപ്രാളത്തിൽ ഈ കുരുക്ക് വലിച്ചുപൊട്ടിക്കുമ്പോൾ പുലിയുടെ കാലിലും മുഖത്തും പരിക്കേറ്റിട്ടുണ്ടെന്നു വനംവകുപ്പ് ജീവനക്കാർ പറയുന്നു. കുരുക്കിന്റെ ഭാഗങ്ങൾ ദേഹത്തുണ്ടാകാനുള്ള സാധ്യതയും വനംവകുപ്പ് തള്ളിക്കളയുന്നില്ല. പരിക്കേറ്റിട്ടുണ്ടെങ്കിൽ പുലി കൂടുതൽ അക്രമകാരിയാകാനിടയുണ്ടെന്നാണ് ആശങ്ക.
പുലി രക്ഷപ്പെട്ടതോടെ സമീപപ്രദേശങ്ങളിലെല്ലാം വനംവകുപ്പ് അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. പുലി മറഞ്ഞിരിക്കാനിടയുള്ള സ്ഥലങ്ങളിലെല്ലാം കാസർഗോഡ്, കണ്ണൂർ ജില്ലകളിൽനിന്നുള്ള ആർആർടി സംഘം പരിശോധന നടത്തുകയാണ്. മയക്കുവെടി വിദഗ്ധരും സ്ഥലത്ത് തുടരുന്നുണ്ട്.
ബുധനാഴ്ച വൈകുന്നേരം പുലി തുരങ്കത്തിൽ കുടുങ്ങിയതറിഞ്ഞ് ആശ്വസിച്ച നാട്ടുകാർ പുലർച്ചെ പുലി രക്ഷപ്പെട്ടതായി അറിഞ്ഞതോടെ കടുത്ത ഭീതിയിലും ആശങ്കയിലുമായി. ഒറ്റപ്പെട്ട വീടുകളിൽ താമസിക്കുന്നവർ പുറത്തിറങ്ങാൻ പോലും ഭയക്കുന്ന അവസ്ഥയിലാണ്.
മിക്കവരും കുട്ടികളെ പുറത്തിറക്കാൻപോലും മിച്ചതോടെ സമീപപ്രദേശങ്ങളിലെ സ്കൂളുകളുടെ പ്രവർത്തനവും തടസപ്പെട്ടു.
ബുധനാഴ്ച വൈകുന്നേരം ഏഴോടെയാണ് കൊളത്തൂർ മടന്തക്കോട്ടെ പാറമടയിൽ പുലിയെ കണ്ടത്. സമീപത്തെ കമുകിൻതോട്ടത്തിലെ മോട്ടോർ ഓൺ ചെയ്യാനെത്തിയ അനുപമ എന്ന സ്ത്രീയാണ് പാറമടയിൽനിന്നു ഗർജനം കേട്ടത്.
അനുപമയുടെ പിതാവ് കൃഷ്ണന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥലം. വനംവകുപ്പിനെ വിവരമറിയിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥരും ആർആർടി അംഗങ്ങളും സ്ഥലത്തെത്തുകയായിരുന്നു.
മുളിയാർ, കാറഡുക്ക, ബേഡഡുക്ക പഞ്ചായത്തുകളിലായി നാലു പുലികളുടെ സാന്നിധ്യം നേരത്തേ വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഏഴിലധികം പുലികളുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. തുരങ്കത്തിൽ കുടുങ്ങിയ പുലി കൂടി രക്ഷപ്പട്ടതോടെ പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
വനംവകുപ്പിന്റെ അനാസ്ഥ മൂലം പുലി രക്ഷപ്പെട്ടതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പെർളടുക്കം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.