മെഡിക്കൽ കോളജിൽ വയോധികനു തെരുവുനായയുടെ കടിയേറ്റു
Friday, February 7, 2025 4:26 AM IST
മുളങ്കുന്നത്തുകാവ്: കാലിലെ തൊലിപ്പുറത്തുള്ള രോഗത്തിനായി ചികിത്സയ്ക്കെത്തിയ വയോധികന് ആശുപത്രിയിൽനിന്നു തെരുവുനായയുടെ കടിയേറ്റ് മടങ്ങേണ്ടി വന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലെ ത്വക്ക് രോഗ വിഭാഗത്തിൽ ചികിത്സയ്ക്ക് എത്തിയ ഇരിങ്ങാലക്കുട സ്വദേശി വീട്ടുകുളം മുത്തുവിനാണ് കടിയേറ്റത്. ഇന്നലെ രാവിലെ ആശുപത്രി ഫാർമസിയുടെ മുന്നിൽവച്ചായിരുന്നു സംഭവം.
ഡോക്ടറെ കണ്ട് മരുന്നുവാങ്ങി മടങ്ങവേയാണ് ഫാർമസിക്കു സമീപം കിടന്നിരുന്ന നായ പ്രകോപനമില്ലാതെ വയോധികനെ കടിച്ചത്. കാലിൽ പരിക്കേറ്റ മുത്തു പിന്നീട് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ ചികിത്സതേടി മടങ്ങി.
മെഡിക്കൽ കോളജിലും പരിസരത്തും നായ്ക്കളുടെ ആക്രമണം പതിവാകുന്പോഴും പ്രത്യേകിച്ച് ഒന്നുംചെയ്യാൻ കഴിയില്ലെന്ന നിലപാടിൽ അധികാരികൾ കൈമലർത്തുകയാണെന്ന് ആക്ഷേപമുണ്ട്. നൂറിലധികം തെരുവുനായ്ക്കളാണ് ഇവിടെ തന്പടിച്ചിട്ടുള്ളത്.