മാമ്പറ്റ പീഡനശ്രമം: കൂട്ടുപ്രതികൾ കീഴടങ്ങി
Friday, February 7, 2025 4:26 AM IST
മുക്കം: മുക്കം മാമ്പറ്റയിൽ ഹോട്ടൽ ജീവനക്കാരി പീഡന ശ്രമത്തിനിടെ കെട്ടിടത്തിൽനിന്നു ചാടി പരിക്കേറ്റ സംഭവത്തിൽ രണ്ടും മൂന്നും പ്രതികൾ കോടതിയിൽ കീഴടങ്ങി.
താമരശേരി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണു പ്രതികളായ കക്കോടി ദിയ മഹലിൻ, പി.കെ. റിയാസ് (47), ചൂലൂർ വടക്കെ തൊടുകയിൽ കെ.ടി. സുരേഷ് ബാബു (46) എന്നിവർ കീഴടങ്ങിയത്. ഇവരെ കോടതി റിമാൻഡ് ചെയ്തു.
ഇതോടെ ഈ കേസിലെ മുഴുവൻ പ്രതികളും റിമാൻഡിലായി. രണ്ടും മൂന്നും പ്രതികൾക്കായി പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെ പോലീസിന്റെ കണ്ണു വെട്ടിച്ച് കോടതിയിലെത്തി കീഴടങ്ങുകയായിരുന്നു. കേസിലെ ഒന്നാം പ്രതി മുക്കം മാമ്പറ്റ ഉൽപ്പിലിങ്ങൽ ദേവദാസിനെ (65) കോടതി റിമാൻഡ് ചെയ്തിരുന്നു.
ഒന്നാം പ്രതിയുടെയും മറ്റ് പ്രതികളുടെയും തെളിവെടുപ്പ് പൂർത്തിയാകാത്ത സാഹചര്യത്തിൽ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. ദേവദാസനെ ബുധനാഴ്ച രാത്രി കുന്നംകുളത്തുവച്ചാണ് പോലീസ് പിടികൂടിയത്.
വാടകയ്ക്കു താമസിച്ചിരുന്ന വീടിന്റെ സമീപത്തുള്ള സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയായ യുവതി കഴിഞ്ഞ ശനിയാഴ്ച രാത്രിയാണു ചാടിയത്. ഹോട്ടൽ ഉടമയും മറ്റു രണ്ടു പേരും രാത്രി താൻ താമസിക്കുന്ന വീട്ടിലെത്തി ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ രക്ഷപ്പെടാനായി താഴേക്ക് ചാടുകയായിരുന്നുവെന്നാണ് യുവതി പോലീസിനു നൽകിയ മൊഴിയിൽ പറയുന്നത്.