അശോകസ്തംഭം ദുരുപയോഗം: കർശന നടപടിക്ക് കേന്ദ്രം
Friday, February 7, 2025 2:13 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: രാജ്യത്തിന്റെ ദേശീയ ചിഹ്നമായ അശോകസ്തംഭം വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി കേന്ദ്ര സർക്കാർ. ഇത് അടിയന്തരമായി തടയണമെന്ന് കേന്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
ചിഹ്നം ഉപയോഗിക്കാൻ അധികാരമില്ലാത്ത വ്യക്തികളും സ്ഥാപനങ്ങളും വെബ് സൈറ്റുകളിലും സ്റ്റേഷനറികളിലും സ്ഥാപനങ്ങളിലും അടക്കം ഉപയോഗിക്കപ്പെടുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇവ പൂർണമായും ഒഴിവാക്കാൻ ആഭ്യന്തര മന്ത്രാലയം നടപടികൾ ആരംഭിച്ചിട്ടുള്ളത്.
ചിഹ്നത്തിന്റെ ദുരുപയോഗം കൂടാതെ അനുചിതമായ ദുരുപയോഗവും തടയണമെന്നും മന്ത്രാലയം സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.ദേവനാഗിരി ലിപിയിൽ ‘സത്യമേവ ജയതേ’ എന്ന മുദ്രാവാക്യം ഇല്ലാതെയാണ് ചിഹ്നം പലയിടത്തും വ്യാപകമായി പ്രചരിക്കുന്നത്. ഇത് അപൂർണമായതിനാൽ ഒഴിവാക്കപ്പെടണം എന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം.
വിവിധ സർക്കാർ - അർധ സർക്കാർ ഏജൻസികൾ പോലും ‘സത്യമേവ ജയതേ’ ഒഴിവാക്കിയാണ് അവരുടെ പ്രൊഫൈൽ ചിത്രീകരിച്ചിട്ടുള്ളതെന്നും മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.2005-ലെ ഇന്ത്യൻ സംസ്ഥാന ചിഹ്ന നിയമത്തിന്റെ ഷെഡ്യൂളിൽ പറഞ്ഞിരിക്കുന്ന രൂപകൽപ്പനയുമായി ഇത് പൊരുത്തപ്പെടുന്നില്ലെന്ന് മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.
ചിഹ്നത്തിന്റെ അപൂർണമായ പ്രദർശനം മുകളിൽ പറഞ്ഞ നിയമത്തിന്റെ ലംഘനമാണെന്നും കത്തിൽ പറയുന്നു.ഈ ചിഹ്നം ഇന്ത്യാ ഗവൺമെന്റിന്റെ ഔദ്യോഗിക മുദ്രയാണെന്ന വിവരം സംസ്ഥാന സർക്കാരുകൾ വിസ്മരിക്കരുതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യൻ ചിഹ്നം അപൂർണമായി പ്രദർശിപ്പിക്കുന്നവർ, അനധികൃതമായി ചിഹ്നം ഉപയോഗിക്കുന്ന വ്യക്തികൾ, സംഘടനകൾ എന്നിവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.