കെസിസിപിഎല്ലിന് മികവിനുള്ള സർക്കാർ അംഗീകാരം
Friday, February 7, 2025 2:12 AM IST
കണ്ണൂർ: പൊതുമേഖലാ സ്ഥാപനമായ കെസിസിപിഎല്ലിന് പ്രവർത്തന മികവിനു സംസ്ഥാന സർക്കാരിന്റെ അംഗീകാരം.ഇതേത്തുടർന്ന് ഇന്നലെ നടന്ന മന്ത്രിസഭായോഗം കമ്പനിയുടെ അംഗീകൃത മൂലധനം നാലു കോടി രൂപയിൽനിന്ന് 30 കോടി രൂപയായി ഉയർത്താൻ തീരുമാനിച്ചു.
സംസ്ഥാന സർക്കാരിന്റെ പിന്തുണയോടുകൂടി ആരംഭിച്ച വൈവിധ്യവത്കരണ പദ്ധതികൾ വിജയത്തിലെത്തിച്ചതിന്റെ അടിസ്ഥാനത്തിലാണു സർക്കാർ പ്രവർത്തന മികവിനുള്ള അംഗീകാരം നൽകിയത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ആദ്യഘട്ട വൈവിധ്യവത്കരണ പദ്ധതികളി ലൂടെ യും രണ്ടാംഘട്ടത്തിൽ തുടർ വൈവിധ്യവത്കരണത്തിലൂടെയും കെസിസിപിഎൽ വൻ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്.
മാങ്ങാട്ടുപറമ്പ ഐടി ഇൻക്യുബേഷൻ സെന്റർ (മൈസോൺ), മൂന്ന് പെട്രോൾ പമ്പുകൾ, ഇന്റഗ്രേറ്റഡ് കോക്കനട്ട് ആൻഡ് ഫ്രൂട്ട് പ്രോസസിംഗ് കോംപ്ലക്സ്, ഹൈടെക് കയർ ഫാക്ടറി, ആന്റിസെപ്റ്റിക് ആൻഡ് ഡിസിൻഫെക്ടന്റ് കോംപ്ലക്സ്, ഡി മിനറലൈസ്ഡ് വാട്ടർ തുടങ്ങിയ പദ്ധതികളിലൂടെ 15 ഓളം പുതിയ ഉത്പന്നങ്ങൾ കന്പനി വിപണിയിലെത്തിച്ചിട്ടുണ്ട്.
അംഗീകൃത മൂലധനം ഉയർത്തിയത് കമ്പനിയുടെ തുടർ പ്രവർത്തനങ്ങൾക്കു കൂടുതൽ ശക്തി പകരും. കമ്പനി ആരംഭിച്ചതിനുശേഷം ആദ്യമായാണ് പ്രവർത്തന മൂലധനം ഉയർത്തിയത്.
കമ്പനിയുടെ പ്രവർത്തന മികവിന് കഴിഞ്ഞ വർഷം വ്യവസായ വകുപ്പു മന്ത്രിയുടെ പ്രശംസാപത്രം ലഭിച്ചിരുന്നു. മലബാറിലെ ഏറ്റവും കൂടുതൽ പെട്രോൾ-ഡീസൽ വില്പന നടത്തുന്ന പമ്പുകളായി പ്രഖ്യാപിച്ച് ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ ബെസ്റ്റ് പെർഫോമൻസ് അവാർഡ് കമ്പനി നേടിയിരുന്നു.
കമ്പനിയുടെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിൽ വിവിധയിനം കൃഷിയും മിയാവാക്കി, പാഷൻഫ്രൂട്ട്, കുറ്റ്യാട്ടൂർ മാവ് എന്നിവ കൃഷി ചെയ്തതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരിന്റെ പൊതുമേഖലയിൽ കാർഷിക പുരസ്കാരത്തിൽ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷമായി കമ്പനി ലാഭത്തിൽ പ്രവർത്തിക്കുകയാണ്. തൊഴിലാളികളുടെ ശമ്പള പരിഷ്ക്കരണം സംബന്ധിച്ച് ഭരണസമിതി അംഗീകൃത തൊഴിലാളി സംഘടനകളുമായി ചർച്ച ചെയ്ത് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.
ഇന്നലെ ധനകാര്യവകുപ്പു മന്ത്രി കെ.എൻ.ബാലഗോപാലുമായി ചെയർമാൻ ടി.വി. രാജേഷും മാനേജിംഗ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണനും അവസാനവട്ട ചർച്ച നടത്തി. ഉടൻ അംഗീകാരം നൽകുമെന്ന് മന്ത്രി ഉറപ്പുനൽകിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.