പിൻവാതിൽ നിയമനങ്ങൾ തകൃതിയായി നടക്കുന്നു : വി.ഡി. സതീശൻ
Friday, February 7, 2025 4:26 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രഖ്യാപിത നിയമന നിരോധനം നിലനിൽക്കുന്പോൾ തന്നെ പിൻവാതിൽ നിയമനങ്ങളും തകൃതിയായി നടക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
പിഎസ്സി പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ചവർക്കു പോലും ജോലി ലഭിക്കാത്ത അവസ്ഥയാണ്. എന്നാൽ സിപിഎം ബന്ധമുള്ളവർക്കു പിൻവാതിൽ നിയമനങ്ങൾ നൽകുകയാണ്. ബോഡി ബിൽഡിംഗ് താരങ്ങൾക്കു പോലീസിൽ ഇൻസ്പെക്ടറായി നിയമനം നൽകാനുള്ള തീരുമാനം മുഴുവൻ നിയമങ്ങളെയും അട്ടിമറിക്കുന്നതാണ്.
പോലീസിലെ സായുധ സേനാ വിഭാഗത്തിലെ ഇൻസ്പെക്ടർ റാങ്കിലേക്കു കായികതാരങ്ങളെ നേരിട്ടു നിയമിക്കരുതെന്ന സർക്കാർ ഉത്തരവ് മറികടന്നാണു രണ്ടു പേർക്ക് ഇപ്പോൾ നിയമനം നൽകിയിരിക്കുന്നത്.
അർഹരായ ഉദ്യോഗാർഥികളുടെ കണ്ണീരിൽ ചവിട്ടിയാണു പിൻവാതിൽ നിയമനങ്ങളെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മദ്യ നിർമാണശാലയ്ക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ടു പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും എക്സൈസ് മന്ത്രിക്കു മറുപടിയില്ല.
കേന്ദ്ര സർക്കാരും ഐഒസിയും അംഗീകരിച്ച കന്പനി ആയതു കൊണ്ടാണ് ഒയാസിസിന് മദ്യശാല നിർമിക്കാൻ അനുമതി നൽകിയതെന്ന് മന്ത്രി പറഞ്ഞതും പച്ചക്കള്ളമാണെന്ന് സതീശൻ ആരോപിച്ചു.