കലൂരില്‍ കഫേയിലെ സ്റ്റീമര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു
Friday, February 7, 2025 2:12 AM IST
കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിനു സമീപം പ്രവര്‍ത്തിച്ചിരുന്ന ഐ ഡെലി കഫേയില്‍ സ്റ്റീമര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.
നാലു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. കഫേയിലെ തൊഴിലാളിയായ പശ്ചിമ ബംഗാള്‍ സ്വദേശി സുമിത് ആണു മരിച്ചത്. മറ്റു തൊഴിലാളികളായ നാഗാലാന്‍ഡ് സ്വദേശികളായ ലുലു, കെയ്കോ നോബി, ഒഡീഷ സ്വദേശി കിരണ്‍, ആസാം സ്വദേശി യഹിയ അലി എന്നിവര്‍ പൊള്ളലേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മരിച്ച സുമിത്തിന്റെ തലയ്ക്കും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റിരുന്നു.
ഇന്നലെ വൈകുന്നേരം നാലോടെയാണു സംഭവം. അടുക്കള ഭാഗത്ത് വെള്ളം തിളപ്പിക്കുന്ന സ്റ്റീമറാണു പൊട്ടിത്തെറിച്ചത്. തീപിടിത്തമുണ്ടായിട്ടില്ല. സ്റ്റീമറില്നിന്ന് ചൂടുവെള്ളം ശരീരത്തിലേക്ക് വീണാണ് തൊഴിലാളികള്‍ക്ക് പൊള്ളലേറ്റതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പൊട്ടിത്തെറിയില്‍ അടുക്കള പൂര്‍ണമായും തകര്‍ന്നു. പല സാധനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
അപകടം നടക്കുമ്പോള്‍ കടയില്‍ നിരവധി പേര് ഭക്ഷണം കഴിക്കാനുണ്ടായിരുന്നു. പൊട്ടിത്തെറിയുണ്ടായതിനെത്തുടര്‍ന്ന് തൊഴിലാളികളും ഭക്ഷണം കഴിക്കാനെത്തിയവരും ഓടി പുറത്തേക്കിറങ്ങി.
ക്ലബ്ബ് റോഡ് ഫയര്‍ഫോഴ്സും പാലാരിവട്ടം പോലീസും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. ബര്‍ണറിന് സമീപത്തുണ്ടായിരുന്ന തൊഴിലാളികള്‍ക്കാണു പരിക്കേറ്റതെന്നു പോലീസ് പറഞ്ഞു. സ്റ്റീമര്‍ പൊട്ടിത്തെറിച്ചതിന്റെ യഥാര്‍ഥ കാരണം ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വിഭാഗത്തിന്റെ പരിശോധനയ്ക്കുശേഷമേ പറയാനാകൂ.
ഫോറന്‍സിക് സംഘം സ്ഥലം പരിശോധിക്കും. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നുവോ എന്നും പരിശോധിക്കും. അപകടമുണ്ടായതോടെ സമീപത്തെ കടകള്‍ അടപ്പിച്ചു. അശ്വിന് ദീപക് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഐ ഡെലി കഫേ. സംഭവത്തില്‍ ഹോട്ടല്‍ ഉടമകള്‍ക്കെതിരെ കേസ് എടുക്കുമെന്ന് പോലീസ് പറഞ്ഞു.