ടി.പി. ശ്രീനിവാസനോടു സിപിഎം മാപ്പു പറയണം: വി.ഡി. സതീശൻ
Thursday, February 6, 2025 6:09 AM IST
തിരുവനന്തപുരം: വിദേശ സർവകലാശാലകളെ കേരളത്തിലേക്കു കൊണ്ടുവരുന്നതിനു മുൻപ് ടി.പി. ശ്രീനിവാസനോടു സിപിഎം നേതാക്കൾ മാപ്പു പറയണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിദേശ സർവകലാശാലകളെ കേരളത്തിലേക്കു ക്ഷണിച്ചു എന്ന കുറ്റത്തിന് എസ്എഫ്ഐക്കാരെ കൊണ്ടു ടി.പി. ശ്രീനിവാസന്റെ മുഖത്തടിപ്പിച്ചവരാണു സിപിഎം നേതൃത്വം.
സംസ്ഥാനത്ത് രണ്ടു മാസമായി അക്രമങ്ങളും പോലീസിന്റെ തേർവാഴ്ചയുമാണ് നടക്കുന്നത്.
പറവൂരിൽ ഒരു കുടുംബത്തിലെ മൂന്നു പേരാണു കൊല്ലപ്പെട്ടത്. അക്രമസംഭവങ്ങൾ വർധിക്കുന്പോഴും പോലീസും എക്സൈസും നോക്കി നിൽക്കുകയാണ്. കേരളം മയക്കുമരുന്നിന്റെ ആസ്ഥാനമായി മാറിയിട്ടും സർക്കാർ നിസംഗരായി നിൽക്കുകയാണ്. റോഡിൽ ഇറങ്ങാൻ ഭയപ്പെടേണ്ട അവസ്ഥയിലേക്ക് കേരളം മാറിയിരിക്കുകയാണ്.
പോലീസ് നിരപരാധികളുടെ മെക്കിട്ടു കയറുകയാണ്. നീതി നടപ്പാക്കേണ്ട പോലീസ് തന്നെ അഴിഞ്ഞാടുകയാണ്. ‘രക്ഷാപ്രവർത്തനം’ നടത്തിയ ഗണ്‍മാനെ മുഖ്യമന്ത്രി ഇപ്പോഴും സംരക്ഷിക്കുകയാണെന്നു സതീശൻ ചൂണ്ടിക്കാട്ടി.