ചോദ്യപേപ്പര്‍ ചോര്‍ച്ച: അധ്യാപകർ പിടിയിൽ
Thursday, February 6, 2025 5:45 AM IST
കോഴിക്കോട്: പത്താംക്ലാസ് ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണാര്‍ഥം രണ്ടു അധ്യാപകരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.
കോഴിക്കോട് പുതിയങ്ങാടി സ്വദേശി ജിഷ്ണു, മലപ്പുറം സ്വദേശി ഫഹദ് എന്നിവരെയാണ് ക്രൈബ്രാഞ്ച് വീടുകളില്‍നിന്നു കസ്റ്റഡിയിലെടുത്തത്. കേസിലെ മുഖ്യപ്രതി എംഎസ് സൊല്യൂഷന് സിഇഒ ഷുഹൈബിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ട്. എംഎസ് സൊല്യൂഷന്‍സുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന അധ്യാപകരാണു ജിഷ്ണുവും ഫഹദും. ഇവര്‍ക്ക് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധമുണ്ടോയെന്നാണു ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.
പ്രവചനം എന്ന രീതിയില്‍ എംഎസ് സൊല്യൂഷന്‍സ് ഓണ്‍ലൈന്‍ ട്യൂഷന് ചാനലിലൂടെ പരീക്ഷാ ചോദ്യങ്ങള്‍ പുറത്തുവിട്ടതു വിവാദമായതിനെത്തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. ഓണ്‍ലൈന്‍ ചാനലില്‍ പറഞ്ഞ അതേ രീതിയില്‍ പല ചോദ്യങ്ങളും ചോദ്യപ്പേപ്പറില്‍ കൃത്യമായി വന്നതോടെയാണ് ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയെന്ന ആരോപണം ശക്തമായത്.
വിശ്വാസ വഞ്ചന ഉള്‍പ്പടെ ഏഴു വകുപ്പുകള്‍ ചുമത്തിയാണ് ക്രൈംബ്രാഞ്ച് ഷുഹൈബിനെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മറ്റ് സ്വകാര്യ ട്യൂഷന് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. എംഎസ് സൊല്യൂഷന്‍സുമായി ബന്ധമുള്ള അധ്യാപകരോട് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. ഇതിനോടു സഹകരിക്കാത്ത സാഹചര്യത്തിലാണ് അധ്യാപകരെ കസ്റ്റഡിയിലെടുത്തത്.