ഭാഗ്യമേ നീ എവിടെ...
Thursday, February 6, 2025 6:09 AM IST
ഇരിട്ടി: ക്രിസ്മസ്-പുതുവത്സര ബംപർ ഒന്നാം സമ്മാനമായ 20 കോടി ലഭിച്ച ഭാഗ്യശാലി കാണാമറയത്ത്. ഇന്നലെ നടന്ന നറുക്കെടുപ്പിൽ ബംപർ സമ്മാനം ഇരിട്ടി മുത്തു ലോട്ടറി സ്റ്റാളിൽ വില്പന നടത്തിയ ടിക്കറ്റിനായിരുന്നു. 20 കോടി അടിച്ച ഭാഗ്യശാലിയെ തേടി മാധ്യമങ്ങളും ജനങ്ങളും മുത്തു ലോട്ടറി സ്റ്റാളിൽ എത്തിയെങ്കിലും സത്യൻ എന്ന പേരുമാത്രമാണ് ലോട്ടറി സ്റ്റാളിൽ നിന്ന് ലഭിച്ചത്.
ഇയാൾ 10 ടിക്കറ്റടങ്ങിയ ഒരു കുറ്റി വാങ്ങിയതായാണ് ലോട്ടറി കടയിലെ നടത്തിപ്പുകാരൻ ചന്ദ്രൻ ഇരിവേരി പറയുന്നത് . ഇതിനിടയിൽ ഭാഗ്യശാലി സത്യൻ പലസ്ഥലത്തുണ്ടെന്ന് പലവിധ കഥകൾ പ്രചരിച്ചു.
ഭാഗ്യശാലിയെ തേടിയുള്ള അന്വേഷണത്തിനിടെ ഇരിട്ടി പയഞ്ചേരി വായനശാലയിലെ സത്യൻ വയലന് ലോട്ടറി അടിച്ചതായി വാർത്ത പരന്നു. ഇതോടെ ലോട്ടറി സ്റ്റാളിനു മുന്നിൽനിന്ന മാധ്യമ സംഘവും ബാങ്കുകാരും ഉൾപ്പെടെയുള്ളവർ വീട്ടിൽ എത്തിയതോടെ സത്യൻ അങ്കലാപ്പിലായി. ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം പറയാനാകാതെ സത്യൻ വീട്ടിൽനിന്ന് രക്ഷപ്പെട്ട് അടുത്ത വീട്ടിൽ അഭയം പ്രാപിച്ചു. ഇതോടെ സംശയം വർധിച്ച മാധ്യമ പ്രവർത്തകരടക്കമുള്ളവർ രാത്രി ഏഴിന് ശേഷവും പിന്മാറാതെ വന്നതോടെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് സത്യനുമായി ചർച്ച നടത്തി.
ഇതിനിടയിൽ സത്യന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചെങ്കിലും അവരും അറിയില്ലെന്ന നിലപാടിലായിരുന്നു. ഒടുവിൽ, 7.15 ഓടെ തനിക്കല്ല ലോട്ടറി അടിച്ചതെന്ന് സത്യൻ തന്നെ നേരിട്ട് മാധ്യമങ്ങളോടു പറഞ്ഞതോടെയാണ് മണിക്കൂറുകൾ നീണ്ട ലോട്ടറി നാടകത്തിന് അന്ത്യമായത്.