അനന്തു കൃഷ്ണന്റെ തട്ടിപ്പുവലയത്തിൽ ഉരുൾ ബാധിതരും
Thursday, February 6, 2025 5:45 AM IST
വയനാട്
സീഡ് സൊസൈറ്റിയുടെ പേരിൽ പകുതി വിലയ്ക്ക് ഇരുചക്രവാഹനവും ഗൃഹോപകരണങ്ങളും നൽകാമെന്ന് വിശ്വസിപ്പിച്ച് നടത്തിയ സാന്പത്തിക തട്ടിപ്പിന് ഇരയായവരിൽ വയനാട്ടുകാരും. 1200ഓളം പേരാണ് വയനാട്ടിൽ തട്ടിപ്പിനിരയായത്. മാനന്തവാടി താലൂക്കിൽ മാത്രം 200ൽ അധികം പേരാണ് പരാതി നൽകിയത്. പുഞ്ചിരിമട്ടം ഉരുൾ ബാധിതരും തട്ടിപ്പിനിരയായിട്ടുണ്ട്.
ഇടുക്കി
സീഡ് സൊസൈറ്റിയുടെ പേരിൽ നടത്തിയ തട്ടിപ്പിൽ ജില്ലയിൽ ആയിരക്കണക്കിനാളുകളുടെ പണം നഷ്ടപ്പെട്ടു. ഇതുവരെ മൂന്നു കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലവിലെ കണക്കനുസരിച്ച് ജില്ലയിൽ മാത്രം ഒന്‍പതര കോടിയുടെ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
കരിമണ്ണൂർ, തൊടുപുഴ, നെടുങ്കണ്ടം സ്റ്റേഷനുകളിലായാണ് മൂന്നുകേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിനു പുറമെ കട്ടപ്പന, കന്പംമെട്ട് തുടങ്ങിയ സ്റ്റേഷനുകളിലും പരാതികൾ ലഭിച്ചിട്ടുണ്ട്. ഇന്നലെ കാഞ്ഞാർ, തൊടുപുഴ സ്റ്റേഷനുകളിലും കൂടുതൽ പരാതികൾ ലഭിച്ചിട്ടുണ്ട്. ഒരു കുടുംബത്തിൽ നിന്നുമാത്രം ആറുലക്ഷം രൂപ നഷ്ടപ്പെട്ടതായി തട്ടിപ്പിന് ഇരയായ കാഞ്ഞാർ സ്വദേശിനി ശശികല പറഞ്ഞു.
എറണാകുളം
റൂറലില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് പത്ത് എഫ്ഐആറുകള്‍. മൂവാറ്റുപുഴ ബ്ലോക്കില്‍ മാത്രം 1145 പേര് തട്ടിപ്പിനിരയായെന്നാണ് പ്രാഥമിക കണക്ക്. എറണാകുളം പറവൂരിലെ ജനസേവാ സമിതി ട്രസ്റ്റിനെതിരെ പോലീസ് കേസെടുത്തു. പണം നഷ്ടമായ 50 പേർ ഇന്നലെയാണ് പോലീസിൽ പരാതി നൽകിയത്. ട്രസ്റ്റ് കോ-ഓർഡിനേറ്റർ സി.ജി. മേരി, ചെയർമാൻ ഡോ. എൻ. മധു, തട്ടിപ്പുമായി ബന്ധപ്പെട്ട് മുവാറ്റുപുഴയിൽ അറസ്റ്റിലായ അനന്തുകൃഷ്ണണൻ എന്നിവരാണ് പ്രതികൾ. പറവൂരിൽ 10 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് പോലിസിന്റെ വിലയിരുത്തൽ.
കോഴിക്കോട്
പകുതി വിലയ്ക്ക് ലാപ്ടോപ്പും സ്കൂട്ടറും മറ്റും വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിപ്പുനടത്തിയ കേസിലെ പ്രതിക്കെതിരേ കോഴിക്കോടും കേസ് രജിസ്റ്റര്‍ ചെയ്തു. 72,58,300 രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ നടക്കാവ് പോലീസ് കേസെടുത്തത്.
ബിലാത്തികുളം ഹൗസിംഗ് കോളനിയ്ക്കു സമീപത്തെ അവെയര്‍ എന്ന എന്‍ജിഒ സ്ഥാപനത്തിലെ പ്രോജക്ട് മാനേജരുടെ പരാതിയിലാണു കേസെടുത്തത്. കോഴിക്കോട് ജില്ലയില്‍ മാത്രം 5564 പേര് ഗുണഭോക്തൃവിഹിതമടച്ച് കാത്തിരിക്കുകയാണ്. നിലവില്‍ ഒരു പരാതി മാത്രമാണു രജിസ്റ്റര്‍ ചെയ്തതെങ്കിലും കൂടുതല്‍ പരാതികളുണ്ടാകുമെന്നാണ് പോലീസ് പറയുന്നത്. പോലീസില്‍ പരാതി നല്‍കാതെ വിഷയം രമ്യമായി പരിഹരിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. അതുകൊണ്ടാണ് ജില്ലയില്‍ പരാതികള്‍ കുറഞ്ഞത്.
ആലപ്പുഴ
ജില്ലയില്‍ എഴുന്നൂറ്റി അമ്പതോളം പരാതികൾ. 25 കോടിരൂപയുടെ തട്ടിപ്പു നടന്നതായാണ് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. പൂച്ചാക്കല്‍ പോലീസ് സ്റ്റേഷനില്‍ അറുന്നൂറിനടുത്ത് പരാതികളാണ് ലഭിച്ചിട്ടുള്ളത്.
ലഭിച്ച പരാതികള്‍ മാത്രം കണക്കെടുത്താല്‍ 3.6 കോടി രൂപയോളം നഷ്ടമായിട്ടുണ്ട് എന്നാണ് പോലീസ് പറയുന്നത്. കായകുളം പോലീസ് സ്റ്റേഷനില്‍ ലഭിച്ചത് 38 പരാതികള്‍. ഹരിപ്പാട്, തൃക്കുന്നപ്പുഴ, കരിയിലക്കുളങ്ങര പോലീസ് സ്റ്റേഷനുകളിലായി നൂറിലേറെ പരാതികളാണ് ലഭിച്ചത്. ഈ പ്രദേശങ്ങളില്‍നിന്നു കുറഞ്ഞത് അഞ്ചു കോടി രൂപയുടെ തട്ടിപ്പു നടന്നതായാണ് പോലീസ് നല്കുന്ന വിവരം.
കോട്ടയം
ജില്ലയില്‍നിന്നു ആയിരംപേര്ക്കെങ്കിലും പണം നഷ്ടമായി എന്നാണ് കണക്കാക്കുന്നത്. മുണ്ടക്കയം എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പൂഞ്ഞാര്‍ മേഖലയിലുള്ളവരാണ് പണം നഷ്ടപ്പെട്ടവരില്‍ ഏറെയും. കഴിഞ്ഞ സെപ്റ്റംബറില്‍ മുണ്ടക്കയത്ത് 320 രൂപ രജിസ്ട്രേഷന് ഫീസ് ഈടാക്കി സീഡ് സൊസൈറ്റിയിലേക്ക് ആളുകളെ ചേര്‍ത്ത് വലിയ മേള നടത്തിയിരുന്നു.
2000ല്‍പ്പരം ആളുകളാണു മേളയില്‍ പങ്കെടുത്തത് ഇവരില്‍നിന്നും 1200 പേര് സ്കൂട്ടര്‍ ബുക്ക് ചെയ്തിരുന്നു. പെരുവന്താനം സ്റ്റേഷനില്‍ 110 പരാതികളും മുണ്ടക്കയത്ത് 20ല്‍പ്പരം പരാതികളുമാണ് ലഭിച്ചിരിക്കുന്നത്. പാമ്പാടി, പൊന്‍കുന്നം, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട എന്നിവിടങ്ങളില്‍ ഓരോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മലപ്പുറം
പകുതി വിലയ്ക്ക് സ്കൂട്ടര്‍ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ കുടുങ്ങിയവരില്‍ മലപ്പുറം ജില്ലയിലുള്ളവരും. ചങ്ങരംകുളം സ്റ്റേഷന് പരിധിയില്‍ എടപ്പാളില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സി വഴി നിരവധി പേര് തട്ടിപ്പില്‍ കുടുങ്ങിയതായി സംശയമുണ്ട്. പെരുമ്പടപ്പ് സ്റ്റേഷന് പരിധിയില്‍ മാറഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ഹരിയാലി ഫൗണ്ടേഷന് മുഖേന സ്കൂട്ടര്‍ വാങ്ങുന്നതിനു പണം നല്കി നിരവധി പേര് തട്ടിപ്പിന് ഇരയായിട്ടുണ്ട്. പൊന്നാനി, നിലമ്പൂര്‍ സ്റ്റേഷന് പരിധിയിലും തട്ടിപ്പിനിരയായവരുണ്ട്.
കണ്ണൂർ
പകുതി വിലയ്ക്കു സ്കൂട്ടര്‍ നല്‍കാമെന്നു പറഞ്ഞു പണംതട്ടിയ സംഭവത്തിൽ കോൺഗ്രസ് വനിതാ നേതാവ് ഉൾപ്പെടെ ഏഴുപേർക്കെതിരേ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. കണ്ണൂർ സീഡ് സൊസൈറ്റി സെക്രട്ടറി എടച്ചേരി സ്വദേശി എ. മോഹനന്റെ പരാതിയിലാണ് സീഡ് ചീഫ് കോ-ഓർഡിനേറ്റർ അനന്തു കൃഷ്ണൻ, നാഷണൽ എൻജിഒ കോൺഫെഡറേഷൻ എക്സ് ചെയർമാൻ കെ.എൻ. അനന്തകുമാർ, എൻജിഒ കോൺഫെഡറേഷൻ ചെയർപേഴ്സൺ ഡോ. ബീന സെബാസ്റ്റ്യൻ, സീഡ് ചെയർപേഴ്സൺ ഷീബ സുരേഷ്, സീഡ് സെക്രട്ടറി കെ.പി. സുമ, സീഡ് വൈസ് ചെയർപേഴ്സൺ ഇന്ദിര, കോൺഗ്രസ് വനിതാ നേതാവും സീഡ് ലീഗൽ അഡ്വൈസറുമായ ലാലി വിൻസെന്റ് എന്നിവർക്കെതിരേ കേസെടുത്തത്. കണ്ണൂർ ജില്ലയിൽ സിറ്റി, റൂറൽ പോലീസ് സ്റ്റേഷനുകളിലായി 2500 ലേറെ പരാതികളാണ് ഇതിനകം ലഭിച്ചത്. 10 കോടി രൂപയിലേറെയാണു നഷ്ടപ്പെട്ടത്. ശ്രീകണ്ഠപുരം-5, ഇരിക്കൂർ-6, മയ്യിൽ-32, പയ്യാവൂർ-3, കുടിയാന്മല-123 എന്നിങ്ങനെയാണ് ഇന്നലെ ലഭിച്ച പരാതികളുടെ എണ്ണം.
പാലക്കാട്
പകുതിവിലയ്ക്കു സ്കൂട്ടർ നൽകാമെന്നു വാഗ്ദാനംചെയ്തു നടത്തിയ തട്ടിപ്പിൽ പാലക്കാട് ജില്ലയിൽ ഇതുവരെ ലഭിച്ചതു 11 പരാതികൾ. നാഷണൽ എൻജിഒ കോണ്‍ഫെഡറേഷനിൽ ജില്ലയിൽനിന്ന് 13 സംഘടനകളാണു രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ എട്ടു സംഘടനകൾക്കാണ് സ്കൂട്ടറിനായി അപേക്ഷിച്ച് പണം നഷ്ടപ്പെട്ടിട്ടുള്ളത്.
തൃശൂർ
പണം നഷ്ടപ്പെട്ടെന്നു ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടില്ലെങ്കിലും വടക്കാഞ്ചേരി, തെക്കുംകര മേഖകളിൽ നൂറുകണക്കിന് ആളുകൾ പദ്ധതിയിൽ പങ്കാളികളായിട്ടുണ്ട്. പണം മടക്കിനൽകാമെന്ന ഉറപ്പിൽ പലരും പരാതി നൽകിയിട്ടില്ല. കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് നേതാക്കളും രണ്ടു വനിതാ കൗണ്സിലർമാരുമാണു വടക്കാഞ്ചേരി സീഡ് സൊസൈറ്റിയുടെ കോ-ഓർഡിനേറ്റർമാരെന്നാണ് ഇടതുപക്ഷത്തിന്റെ ആരോപണം.