മാമ്പറ്റ പീഡനശ്രമം: പ്രധാന പ്രതി പിടിയിൽ
Thursday, February 6, 2025 6:09 AM IST
മുക്കം: മുക്കം മാമ്പറ്റ ഹോട്ടൽ ജീവനക്കാരി പീഡനശ്രമത്തിനിടെ കെട്ടിടത്തിൽനിന്നു ചാടി പരിക്കേറ്റ സംഭവത്തിൽ കേസിലെ ഒന്നാം പ്രതി പിടിയിൽ. മുക്കം മാമ്പറ്റ ഉൽപ്പിലിങ്ങൽ ദേവദാസ് (65) ആണു പോലീസ് പിടിയിലായത്.
കുന്നംകുളത്തുവച്ചാണ് ഇയാളെ പിടികൂടിയത്. പോലീസിനെ കബളിപ്പിച്ചു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പിടിയിലാകുകയായിരുന്നു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കാർ നിർത്തി ട്രെയിൻ വഴിയാണു പോകുന്നതെന്നു തെറ്റിദ്ധരിപ്പിച്ച് ബസിൽ എറണാകുളത്തേക്കു യാത്ര ചെയ്യുകയായിരുന്നു. ഈ വിവരമറിഞ്ഞ മുക്കം പോലീസ് കണ്ടക്ടറുമായി സംസാരിച്ച് പ്രതി ബസിലുണ്ടന്ന് ഉറപ്പുവരുത്തി കുന്നംകുളം പോലീസിനെ വിവരമറിയിക്കുകയും കസ്റ്റഡിയിലെടുത്ത പ്രതിയെ മുക്കം പോലീസിന് കൈമാറുകയുമായിരുന്നു. തുടർന്ന് ഇന്നലെ പുലർച്ചെ നാലോടെ മുക്കം സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു. സംഭവം നടന്ന് ദിവസങ്ങളായിട്ടും പ്രതിയെ പിടികൂടാത്തതിൽ വിവിധ സംഘടനകൾ പ്രതിഷേധവുമായി എത്തിയിരുന്നു.
രാവിലെ പതിനൊന്നോടെ പെൺകുട്ടി ചാടിയ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പു നടത്തി. തെളിവെടുപ്പ് നടക്കുന്നിനിടത്തേക്ക് ബിജെപി പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചത് സംഘർഷത്തിന് കാരണമായി. പോലീസ് ഏറെ പണിപ്പെട്ടാണ് പ്രവർത്തകരെ നിയന്ത്രിച്ചത്.അതേസമയം, തൊട്ടടുത്ത് സങ്കേതം ഹോട്ടലിൽ ബിജെപി പ്രതിഷേധം നടക്കുമ്പോൾ പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നതിനെതിരേ പ്രതിഷേധമുയരുന്നുണ്ട്.
ഹോട്ടലിലെ ജീവനക്കാരിയായ യുവതി കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കെട്ടിടത്തിൽനിന്നു ചാടിയത്. ഹോട്ടൽ ഉടമയും മറ്റു രണ്ടു പേരും രാത്രി താൻ താമസിക്കുന്ന വീട്ടിലെത്തി ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ രക്ഷപ്പെടാനായി താഴേക്ക് എടുത്ത് ചാടുകയായിരുന്നുവെന്നാണ് യുവതി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഹോട്ടൽ ഉടമ ദേവദാസ്, റിയാസ്, സുരേഷ് എന്നിവർക്കെതിരേ മുക്കം പോലീസ് കേസെടുത്തിരുന്നു.