മഞ്ഞനിക്കരയിൽ ഇന്ന് തീർഥാടകസംഗമം
Friday, February 7, 2025 2:12 AM IST
പത്തനംതിട്ട: ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ 93 ാമത് ഓർമപ്പെരുന്നാളിൽ പങ്കെടുക്കുന്നതിനായി നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും കാൽനടയായി പുറപ്പെട്ട തീർഥാടക സംഘങ്ങൾ ഇന്ന് മഞ്ഞനിക്കരയിൽ സംഗമിക്കും.
കേരളത്തിന്റെ വടക്കൻ ജില്ലകളിൽ നിന്നും ഹൈറേഞ്ച് മേഖലകളിൽ നിന്നുമായി ദിവസങ്ങൾക്കു മുന്‍പേ യാത്ര തിരിച്ച തീർഥാടക സംഘങ്ങൾ ഇന്നലെ പത്തനംതിട്ട ജില്ലയിൽ പ്രവേശിച്ചു.
ഇവരുൾപ്പെടെയുള്ള തീർഥാടക സംഘങ്ങൾ ഉച്ചകഴിയുന്നതോടെ മഞ്ഞനിക്കരയിലെത്തും. ഇന്നു രാവിലെ 7.30ന് നിയുക്ത കാതോലിക്കയും യാക്കോബായ സഭ മലങ്കര മെത്രാപ്പോലീത്തയുമായ ഡോ.ജോസഫ് മാർ ഗ്രീഗോറിയോസിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന ഉണ്ടാകും.
ഉച്ചകഴിഞ്ഞ് മൂന്നിന് തീർഥാടകസംഘങ്ങളെ ഓമല്ലൂർ കുരിശിങ്കൽ സ്വീകരിക്കും. തുടർന്ന് ദയറാ കവാടത്തിലും സ്വീകരണം നൽകും. അഞ്ചിന് മെത്രാപ്പോലീത്തമാരുടെ നേതൃത്വത്തിൽ സന്ധ്യാപ്രാർഥന ആരംഭിക്കും.
ആറിനു തീർഥാടകസംഗമം പാത്രീയാര്‍ക്കീസ് ബാവായുടെ പ്രതിനിധി ലബനോനിലെ പാത്രിയർക്കാ വികാരി മാര്‍ സേവേറിയോസ് റോജര്‍ അക്രാസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.
സഭയിലെ മെത്രാപ്പോലീത്തമാരും മന്ത്രി വീണാ ജോർജും ആന്റോ ആന്റണി എംപിയും പങ്കെടുക്കും. നാളെ പുലർച്ചെ മൂന്നിന് സ്തേഫാനോസ് പള്ളിയിലും തുടർന്ന് ദയറാ കത്തീഡ്രലിലും വിശുദ്ധകുർബാന. രാവിലെ എട്ടിന് ദയറാ കത്തീഡ്രലിൽ പെരുന്നാൾ കുർബാനയ്ക്ക് മാര്‍ സേവേറിയോസ് റോജര്‍ അക്രാസ് മെത്രാപ്പോലീത്ത കാർമികത്വം വഹിക്കും.