വയനാട്ടിൽ മൂന്നു കടുവകൾ ചത്ത നിലയിൽ
ജോജി വർഗീസ്
Thursday, February 6, 2025 5:45 AM IST
സുൽത്താൻ ബത്തേരി: വയനാട്ടിൽ മൂന്നു കടുവകളെ ചത്തനിലയിൽ കണ്ടെത്തി. സൗത്ത് വയനാട് വനം ഡിവിഷനിലെ മേപ്പാടി റേഞ്ചിൽ പോഡാർ പ്ലാന്റേഷനിലെ ഓടത്തോടിനടുത്ത് കാപ്പിത്തോട്ടത്തിൽ ഒന്നും വന്യജീവി സങ്കേതത്തിലെ കുറിച്യാട് റേഞ്ചിൽപ്പെട്ട താത്തൂർ സെക്ഷനിലെ മയ്യക്കൊല്ലി ഭാഗത്ത് രണ്ടും കടുവകളുടെ ജഡമാണ് ഇന്നലെ കണ്ടെത്തിയത്. ഒരു വയസ് മതിക്കുന്ന ആണ്, പെണ് കടുവകളുടെ ജഡങ്ങളാണ് കുറിച്യാട് മയ്യക്കൊല്ലി വനത്തിൽ കണ്ടെത്തിയത്.
വനസേനാംഗങ്ങളുടെ പതിവ് പരിശോധനയിലാണ് ജഡങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. പരസ്പരമുള്ള ആക്രമണത്തിനിടെയാണ് കടുവകളുടെ ജീവൻ നഷ്ടമായതെന്നാണ് പ്രാഥമിക നിഗമനം.
വനം-വന്യജീവി സംരക്ഷണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. പോസ്റ്റ്മോർട്ടത്തിനും ആന്തരാവയവങ്ങളുടെ പരിശോധനയ്ക്കും ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് ഇവർ പറഞ്ഞു.
പതിവില്ലാത്തവിധം കടുവകൾ ചാകുന്നത് വയനാട് വനത്തിൽ ഇവയുടെ എണ്ണം ക്രമാതീതമായി വർധിച്ചതുമൂലമാകാമെന്നു സംശയമുയരുന്നുണ്ട്. എണ്ണം കൂടിയതോടെ കടുവകൾ ഏറ്റുമുട്ടുന്നതാണോ കാരണമെന്നാണ് സംശയമുയരുന്നത്.