നഷ്ടപരിഹാരം നല്കാന് ഉടമയ്ക്ക് ബാധ്യതയില്ലെന്ന് ഹൈക്കോടതി
Thursday, February 6, 2025 4:50 AM IST
കൊച്ചി: സാധുവായ ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ ഡ്രൈവർ വാഹനം ഓടിച്ചുണ്ടായ അപകടത്തിന് നഷ്ടപരിഹാരം നല്കാന് വാഹന ഉടമയ്ക്ക് ബാധ്യത ഉണ്ടെന്നുള്ള കോഴിക്കോട് മോട്ടോര്‍ ആക്സിഡന്റ് ട്രൈബ്യൂണലിന്റെ വിധി ഹൈക്കോടതി റദ്ദാക്കി. കണ്ണൂരില്‍ നടന്ന വാഹനാപകടമാണ് കേസിനാസ്പദമായ സംഭവം.
ഇടിച്ച വാഹനം, അപകടം നടക്കുന്നതിന് ഒരാഴ്ച മുമ്പുതന്നെ കേസിലെ ഏഴാംപ്രതിക്കു വാഹന വില്പന കരാര്‍ പ്രകാരം വിറ്റെങ്കിലും വില്പന രജിസ്റ്റര്‍ ചെയ്തില്ല. സംഭവസമയത്തു വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ക്കു സാധുവായ ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്തതുകൊണ്ട് ആദ്യ ഉടമ തന്നെ നഷ്ടപരിഹാരം കൊടുക്കാന്‍ ട്രൈബ്യൂണല്‍ വിധിച്ചു. ഇതു ചോദ്യംചെയ്ത് പാലക്കാട് സ്വദേശിയായ മുഹമ്മദ് ഖാലിദ് നല്കിയ അപ്പീലിലാണ് ഹൈക്കോടതി വിധി.
ക്രിമിനല്‍ കോടതി, ഡ്രൈവറെ കുറ്റവിമുക്തനാക്കി വെറുതെവിട്ടതിന്റെ വെളിച്ചത്തില്‍ വാഹന ഉടമയുടെ ഉത്തരവാദിത്വം നിലനില്ക്കുകയില്ലെന്നും എതിര്‍കക്ഷികള്‍ക്ക് നഷ്ടപരിഹാരം നല്കുന്ന ബാധ്യതയില്‍ നിന്ന് വാഹന ഉടമയെ ഒഴിവാക്കുന്നതായും ജസ്റ്റീസ് എസ്. ഈശ്വരന് ഉത്തരവിട്ടു. ഹര്‍ജിക്കാരനു വേണ്ടി അഡ്വ. തോംസ്റ്റിന്‍ കെ. അഗസ്റ്റിന് ഹാജരായി.