അവധിയില്ലാതെ പരീക്ഷണം; സ്കൂൾ അടച്ചശേഷവും ഹയർ സെക്കൻഡറി പരീക്ഷ
Thursday, February 6, 2025 6:09 AM IST
പത്തനംതിട്ട: മധ്യവേനൽ അവധിക്കു സ്കൂൾ അടച്ചു കഴിഞ്ഞാലും ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ. അക്കാദമിക് കലണ്ടർ പ്രകാരം ഹയർ സെക്കൻഡറി ഉൾപ്പെടെ കേരളത്തിലെ പൊതുവിദ്യാലയങ്ങൾ മാർച്ച് 28ന് വേനൽ അവധിക്ക് അടയ്ക്കുകയാണ്. എന്നാൽ ഹയർസെക്കൻഡറി ഒന്നാംവർഷ പരീക്ഷയുടെ ടൈംടേബിൾ പുറത്തുവന്നപ്പോൾ ഇംഗ്ലീഷ് പരീക്ഷ നടക്കുന്നത് സ്കൂൾ അടച്ചതിനുശേഷം മാർച്ച് 29നു ശനിയാഴ്ച ഉച്ചകഴിഞ്ഞാണ്.
സ്കൂൾ അടച്ചുകഴിഞ്ഞാൽ പിന്നീട് അധ്യാപകർ സ്കൂളുകളിൽ വരേണ്ടതില്ല. തന്നെയുമല്ല, മാർച്ച് 31നു വിരമിക്കുന്ന അധ്യാപകർ സർവീസ് പൂർത്തീകരിച്ച് മടങ്ങുന്നതും അന്നാണ്. എന്നാൽ പരീക്ഷാ ഡ്യൂട്ടിയിലുള്ള അധ്യാപകർ വിരമിച്ചാലും 29നുപരീക്ഷാ ജോലി ചെയ്ത് അവിടെനിന്ന് ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് മടങ്ങേണ്ടി വരും.
പ്ലസ് വണ്ണിന് പഠിക്കുന്ന മുഴുവൻ കുട്ടികളോടൊപ്പം ബഹു ഭൂരിപക്ഷം പ്ലസ് ടു കുട്ടികൾ ഇംപ്രൂവ് ചെയ്യുന്നതുമായ ഇംഗ്ലീഷ് വിഷയത്തിലാണ് അന്നേ ദിവസം പരീക്ഷ. 18 ദിവസം നടക്കുന്ന ഹയർ സെക്കൻഡറി പരീക്ഷയിൽ ഏറ്റവും കൂടുതൽ പേർ എഴുതുന്ന പരീക്ഷയും അവസാന ദിവസ പരീക്ഷയാണ്.
എസ്എസ്എൽസി പരീക്ഷകളടക്കം മറ്റെല്ലാ പൊതുപരീക്ഷകളും 28നു മുന്പ് അവസാനിച്ച് സ്കൂൾ അടയ്ക്കാനായിരുന്നു തീരുമാനം. എന്നാൽ 29നു പരീക്ഷ നിശ്ചയിച്ച് ടൈംടേബിൾ പുറത്തുവന്നതിലെ അനൗചിത്യം അധ്യാപകർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 31നു റംസാൻ പ്രമാണിച്ചുള്ള പൊതുഅവധി നേരത്തെ തീരുമാനിച്ച് രേഖപ്പെടുത്തിയിട്ടുള്ളതിനാലാണ് 28നു തന്നെ സ്കൂൾ അടയ്ക്കാൻ തീരുമാനിച്ച് അക്കാദമിക് കലണ്ടർ പുറത്തിറക്കിയത്.
പരീക്ഷ കാരണം വർഷങ്ങളായി ജോലി നോക്കുന്ന സ്കൂളിൽ അവസാനദിവസം ഒപ്പു രേഖപ്പെടുത്തി മടങ്ങാൻ വിരമിക്കാനിരിക്കുന്ന അധ്യാപകർക്കു കഴിയില്ല.
4.15ന് പരീക്ഷ അവസാനിച്ച ശേഷം ഇത്രയേറെ പേപ്പറുകൾ എണ്ണി തിരിച്ച് പായ്ക്ക് ചെയ്യാൻ പിന്നീട് രണ്ടു മണിക്കൂറെങ്കിലും വേണ്ടിവരും. ശനിയാഴ്ച ദിവസമായതിനാൽ അന്നേ ദിവസം ഉത്തരക്കടലാസ് കെട്ട് പോസ്റ്റ് ചെയ്യാൻ കഴിയില്ല. തുടർന്നുവരുന്ന പൊതു അവധി ദിവസങ്ങളായ ഞായറും തിങ്കളും കഴിഞ്ഞേ പോസ്റ്റേജ് സാധ്യമാകൂ.
അതുവരെ ഉത്തരക്കടലാസ് സുരക്ഷിതമായി സ്കൂളിൽ സൂക്ഷിക്കേണ്ട ബാധ്യത ചീഫ് സൂപ്രണ്ടിനാവും. ഡെപ്യൂട്ടി ചീഫിന്റെ വിടുതൽ ഉൾപ്പെടെയുള്ളവയും ബുദ്ധിമുട്ടിലാകും. നിരവധി സാങ്കേതിക പ്രശ്നങ്ങൾക്കു കാരണമാകുന്ന പരീക്ഷ മറ്റൊരു ദിവസത്തേക്കുപുനഃക്രമീകരിക്കണമെന്ന ആവശ്യമാണ് അധ്യാപകർക്കുള്ളത്.