ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍
Thursday, February 6, 2025 6:11 AM IST
കോട്ടയം: രാഷ്ട്രദീപിക ലിമിറ്റഡ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിനെ നിയമിച്ചു. മാനേജിംഗ് ഡയറക്ടറായിരുന്ന ഫാ. ബെന്നി മുണ്ടനാട്ട് കാലാവധി പൂർത്തിയാക്കുന്നതിനെത്തുടർന്നാണ് പുതിയ നിയമനം. 2016 മുതല്‍ രാഷ്ട്രദീപിക ഡയറക്ടര്‍ ബോര്‍ഡംഗമായും 2019 മുതല്‍ എക്സിക്യൂട്ടീവ് ഡയറക്ടറായും പ്രവര്‍ത്തിച്ചു വരുന്ന ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് 11നു മാനേജിംഗ് ഡയറക്ടറായി ചുമതലയേല്‍ക്കും.
കോട്ടയം ജില്ലയിലെ നീണ്ടൂര്‍ സ്വദേശിയായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് 1993ലാണ് കോട്ടയം അതിരൂപത വൈദികനായി പൗരോഹിത്യം സ്വീകരിച്ചത്. 2015 മുതല്‍ കോട്ടയം അതിരൂപതയുടെ പ്രൊ-പ്രോട്ടോസിഞ്ചല്ലൂസായി സേവനം ചെയ്തുവരുന്നു. ഡല്‍ഹി സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍നിന്നു സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദവും മൈസൂര്‍ വിനായക യൂണിവേഴ്സിറ്റിയില്‍നിന്നു മനഃശാസ്ത്രത്തില്‍ എംഫിലും നേടിയിട്ടുണ്ട്.