മയക്കുമരുന്ന് ലോബിക്കു മുന്നിൽ സർക്കാർ നിഷ്ക്രിയം: യൂത്ത് കൗൺസിൽ
Thursday, February 6, 2025 4:50 AM IST
കൊച്ചി: ലഹരി മാഫിയയ്ക്കു മുന്നിൽ സംസ്ഥാന സർക്കാർ നിഷ്ക്രിയമെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിൽ. ആൺ-പെൺ വ്യത്യാസമില്ലാതെ വിദ്യാർഥികളും യുവജനങ്ങളും ലഹരിക്ക് അടിപ്പെട്ട് നാടിന്റെ സമാധാനാന്തരീക്ഷം തകർക്കുകയാണ്. പോലീസിന്റെ പോലും ആത്മധൈര്യം നഷ്ടമാകുന്ന രീതിയിലാണ് കഴിഞ്ഞ ദിവസം പോലീസ് ഉദ്യോഗസ്ഥൻ ക്രൂരമായി കൊലചെയ്യപ്പെട്ടത്.
മയക്കുമരുന്ന് ലോബിയെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയ, ഉദ്യോഗസ്ഥ നേതൃത്വങ്ങളെ കണ്ടെത്തി നടപടിയെടുക്കാൻ സർക്കാർ തയാറാകണം. സ്കൂൾ-കോളജ് കുട്ടികൾക്കിടയിൽ ലഹരിവിരുദ്ധ സന്ദേശ പ്രവർത്തനങ്ങളും ബോധവത്കരണ പരിപാടികളും നടപ്പാക്കാൻ നേതൃയോഗം തീരുമാനിച്ചു.
രൂപതകളിൽ നിന്നുള്ള ജനറൽ കോ-ഓർഡിനേറ്റർമാർ പങ്കെടുത്ത നേതൃയോഗം ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ജനറൽ കോ-ഓർഡിനേറ്റർ സിജോ ഇലന്തൂർ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഡോ. ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയിൽ, ട്രീസാ ലിസ് സെബാസ്റ്റ്യൻ, യൂത്ത് കൗൺസിൽ ഗ്ലോബൽ കോ-ഓർഡിനേറ്റർമാരായ ജോയ്സ് മേരി ആന്റണി, ഷിജോ ഇടയാടിയിൽ,സിജോ കണ്ണേഴത്ത്, അബി മാത്യൂസ്, അപർണ ജോസഫ്, റോബിൻ ഓടമ്പള്ളി, ലിയോൺ വിതയത്തിൽ, ജസ്റ്റിൻ നടക്കലാൻ എന്നിവർ പ്രസംഗിച്ചു.