രോഗിയുമായി പോയ ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു
Thursday, February 6, 2025 5:45 AM IST
കൊട്ടാരക്കര: എംസി റോഡിൽ കൊട്ടാരക്കര സദാനന്ദപുരത്തിനു സമീപം രോഗിയുമായി പോയ ആംബുലൻസും കോഴിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർ മരിച്ചു. ഇരു വാഹനത്തിലും ഉണ്ടായിരുന്നവർക്ക് ഗുരുതരമായി പരിക്കേറ്റു.
രോഗിയായ അടൂർ ഏനാദിമംഗലം മരുതിമൂട് ആഞ്ഞിലിമൂട്ടിൽ തമ്പി (65), ഭാര്യ ശ്യാമള (60), ലോറി ജീവനക്കാരനായ ബംഗാൾ കുച്ച് വിഹാർ സ്വദേശി റൂബൻ ഹക് (34) എന്നിവരാണു മരിച്ചത്. ലോറി ഡ്രൈവറും ആംബുലൻസ് ഡ്രൈവറും ഉൾപ്പെടെ ഏഴുപേരെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രോഗിയായ തമ്പിയെ അടൂർ ജനറൽ ആശുപത്രിയിൽനിന്നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയായിരുന്നു അപകടം.
ആംബുലൻസിൽ ഉണ്ടായിരുന്ന തമ്പി - ശ്യാമള ദമ്പതികളുടെ മകൾ ബിന്ദു, ആംബുലൻസ് ഡ്രൈവർ അടൂർ മങ്ങാട് സ്വദേശി ഷിന്റോ, ലിബിൻ ബാബു എന്നിവർക്കും ലോറി ഡ്രൈവർ കൊല്ലം കുരീപ്പുഴ സ്വദേശി ജലീൽ, ലോറിയിൽ ഉണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളികളായ തബലു, ഉബൈദ് , മാലിക് എന്നിവർക്കുമാണ് ഗുരുതര പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി 11.30 നായിരുന്നു അപകടം. കൂട്ടിയിടിയിൽ ഇരു വാഹനങ്ങളും പൂർണമായും തകർന്നു.
പരിക്കേറ്റവരെ വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഏഴ് ആംബുലൻസുകളിലായി ആദ്യം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോകുകയായിരുന്നു. തമ്പി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയും ഭാര്യ ശ്യാമള തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകുംവഴിയുമാണു മരിച്ചത്.
കായംകുളം -പത്തനാപുരം സംസ്ഥാന പാതയിൽ മരുതിമൂട് പള്ളി ജംഗ്ഷനിൽ 40 വർഷത്തിലേറെയായി വ്യാപാരിയായിരുന്നു തമ്പിയും കുടുംബവും. മക്കൾ: ബിനീഷ്, ബിന്ദു. മരുമകൾ: പുഷ്പ.