പാതിവില തട്ടിപ്പ് 1000 കോടി കടക്കും
സ്വന്തം ലേഖകൻ
Thursday, February 6, 2025 6:11 AM IST
പകുതിവിലയിൽ ഇരുചക്രവാഹനങ്ങൾ, ലാപ്ടോപ്, തയ്യല്‍ മെഷീന് തുടങ്ങിയവ വാഗ്ദാനം ചെയ്ത് സംസ്ഥാനമൊട്ടാകെ നടത്തിയ തട്ടിപ്പിന്റെ വ്യാപ്തി ആയിരം കോടി കടക്കും. കുടുംബശ്രീ അംഗങ്ങൾ അട ക്കമുള്ള സ്ത്രീകളെയാണ് വ്യാപകമായി തട്ടിപ്പിന് ഇരകളാക്കിയത്. നിലവിൽ ആയിരക്കണക്കിനു പരാതികളാണ് സംസ്ഥാനത്തുടനീളം പോലീസ് സ്റ്റേഷനുകളിൽ എത്തിയിരിക്കുന്നത്.
മൂവാറ്റുപുഴ സോഷ്യോ ഇക്കണോമിക് ഡെവലപ്മെന്റ് സൊസൈറ്റിയുടെ പേരിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തട്ടിപ്പു നടന്നത്. വാഗ്ദാനം ചെയ്ത വാഹനങ്ങളും മറ്റും കിട്ടാതെ വന്നതോടെയാണ് പരാതി ഉയർന്നത്. സംഭവത്തില്‍ നാഷണല്‍ എന്‍ജിഒ ഫെഡറേഷന് ദേശീയ കോ-ഓര്‍ഡിനേറ്റര്‍ എന്നവകാശപ്പെട്ടിരുന്ന തൊടുപുഴ കുടയത്തൂര്‍ കോളപ്രയിലെ ചൂരക്കുളങ്ങര വീട്ടില്‍ അനന്തു കൃഷ്ണനെ (26) മൂവാറ്റുപുഴ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അനന്തു കൃഷ്ണന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി മൂവാറ്റുപുഴ പോലീസ് നല്കിയ കസ്റ്റഡി അപേക്ഷയാണ് മൂവാറ്റുപുഴ ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കുന്നത്.
മുഖ്യസൂത്രധാരൻ അനന്തു
മുഖ്യസൂത്രധാരൻ അനന്തു കൃഷ്ണൻ തട്ടിപ്പിന് തന്റെ രാഷ്ട്രീയബന്ധങ്ങള്‍ ഉപയോഗിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. മിക്ക രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളെ അണിനിരത്തിയാണ് ഇയാൾ പദ്ധതിക്ക് പ്രചാരമുണ്ടാക്കിയത്.
പ്രധാനമന്ത്രി മുതല്‍ പഞ്ചായത്ത് മെംബർമാർവരെ നീളുന്നതാണ് അനന്തുവിന്റെ രാഷ്ട്രീയ നേതാക്കളുമായുള്ള പരിചയം. ഇവരുമൊത്തുള്ള ചിത്രമടക്കം കാണിച്ചായിരുന്നു തട്ടിപ്പെന്ന് കണ്ടെത്തിയിട്ടുണ്ട്. 1000 കോടിയിലധികം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയുടെ ഒരു അക്കൗണ്ടില്‍ മാത്രം 400 കോടി രൂപയാണ് എത്തിയത്. ഇതില്‍ ഭൂരിഭാഗവും വകമാറ്റിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ അനന്തു അടുത്തിടെ വാങ്ങിക്കൂട്ടിയ സ്ഥലങ്ങളുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു.
ഏറ്റവുമധികം തട്ടിപ്പ് എറണാകുളത്ത്
എറണാകുളം ജില്ലയില്‍ മാത്രം അനന്തുവിനെതിരേ 5000 ത്തിലധികം പരാതികള്‍ ലഭിച്ചതായാണ് വിവരം. എന്നാൽ ഇതുസംബന്ധിച്ച് പോലീസ് വ്യക്തത വരുത്തിയിട്ടില്ല. സംസ്ഥാനത്ത് ഏറ്റവുമധികം പേര് തട്ടിപ്പിന് ഇരയായിട്ടുള്ളത് എറണാകുളത്താകാമെന്ന് കരുതുന്നു.
കണ്ണൂർ ജില്ലയിൽ 2500ലേറെ പരാതികളാണ് ഇതിനകം ലഭിച്ചത്. കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ എഴുനൂറോളം പരാതികൾ ലഭിച്ചതായി സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻരാജ് പറഞ്ഞു.
ആലപ്പുഴ ജില്ലയില്‍ 750ഓളം പരാതികളിലായി 25 കോടി രൂപയുടെ തട്ടിപ്പു നടന്നതായാണ് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. കോട്ടയം ജില്ലയില്‍ ആയിരത്തിലധികം പേര്‍ക്കു പണം നഷ്ടമായി.
ഇടുക്കി ജില്ലയിൽ ആയിരക്കണക്കിനാളുകളുടെ പണം നഷ്ടപ്പെട്ടു. നിലവിലെ കണക്കനുസരിച്ച് ജില്ലയിൽ മാത്രം ഒന്പതരകോടിയുടെ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. തട്ടിപ്പിന്റെ ആഴം പോലീസിനു വ്യക്തമാകുന്നതേയുള്ളൂ. ജില്ലാ പോലീസ് മേധാവികൾ ഇതുസംബന്ധിച്ച റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറുന്നതിനു തട്ടിപ്പുമായി ബന്ധപ്പെട്ട് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുമെന്നാണ് വിവരം.
തുടര്‍ന്ന് സംസ്ഥാനത്തുടനീളം രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകള്‍ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക വിഭാഗം വിശദമായി അന്വേഷിക്കും.