രവിപിള്ളയ്ക്ക് കേരളത്തിന്റെ സ്നേഹാദരം
Thursday, February 6, 2025 6:09 AM IST
തിരുവനന്തപുരം: ബഹറിന്‍ സര്‍ക്കാരിന്റെ പരമോന്നത ബഹുമതി നേടിയ വ്യവസായി ഡോ.ബി. രവിപിള്ളയ്ക്ക് കേരളത്തിന്റെ സ്നേഹാദരം നല്‍കുന്നതിനായി സംഘടിപ്പിച്ച രവിപ്രഭ പരിപാടി മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു.
രവി പിള്ളയെപോലുള്ളവര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഉയര്‍ന്നു നില്‍ക്കുന്നത് ആ നാടിനും നമ്മുടെ നാടിനും ഒരേപോലെ പ്രയോജനം ചെയ്യുന്നുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. ഒന്നരലക്ഷത്തിലധികം പേര്‍ക്ക് തൊഴില്‍ നല്കുന്ന പ്രവാസി വ്യവസായികളില്‍ ഏറ്റവും ശ്രദ്ധേയനാണ് കേരളത്തിന്റെ അഭിമാനമായ രവി പിള്ളയെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി ജി.ആര്. അനില്‍ പറഞ്ഞു. സമ്പത്ത് സാര്‍ഥകമാകുന്നത് അതുണ്ടാക്കുന്നതിലല്ല അത് ഉപയോഗിക്കുന്നതിലൂടെയാണ് എന്ന ചൊല്ലാണ് രവി പിള്ളയെക്കുറിച്ച് പറയുമ്പോള്‍ ഓര്മ വരുന്നതെന്ന് നടന് മോഹന്‍ ലാല്‍ പറഞ്ഞു.
ടാഗോര്‍ തിയറ്ററില്‍ നടന്ന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള മുഖ്യാതിഥിയായി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, ബഹ്റിന് മന്ത്രി ഡോ. ഷെയ്ക് മുഹമ്മദ് ബിന്‍ ഖലീഫ അല്‍ ഖലീഫ, സംസ്ഥാന മന്ത്രിമാരായ കെ. രാജന്, കെ.എന്‍. ബാലഗോപാല്‍, രാമചന്ദ്രന് കടന്നപ്പള്ളി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്, സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.