യുഡിഎഫിന് ആവേശമായി മലയോര സമരയാത്ര
Thursday, February 6, 2025 5:45 AM IST
തിരുവനന്തപുരം: ഇരിക്കൂർ നിയോജകമണ്ഡലത്തിലെ കരുവഞ്ചാലിൽനിന്നാരംഭിച്ച് പാറശാല മണ്ഡലത്തിലെ അന്പൂരിയിൽ സമാപിച്ച, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള മലയോര സമരയാത്ര രാഷ്ട്രീയമായി വിജയമെന്ന വിലയിരുത്തലിൽ യുഡിഎഫ് നേതൃത്വം. കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ നീളുന്ന രാഷ്ട്രീയ യാത്രകളാണു പതിവായി കേരളം കണ്ടു വന്നിട്ടുള്ളത്. അതു പലപ്പോഴും തെരഞ്ഞെടുപ്പുകൾക്കു മുന്നോടിയായിട്ടാണ്.
അണികളെ ചലിപ്പിക്കാനും പ്രവർത്തനസജ്ജരാക്കാനുമാണ് ഇത്തരത്തിൽ യാത്രകൾ സംഘടിപ്പിക്കുന്നത്. എന്നാൽ, മേഖല തിരിച്ചുള്ള യാത്ര ഇതാദ്യമാകാം. നാൽപതിലേറെ മണ്ഡലങ്ങളിലുള്ള മലയോര മേഖലകളെ സ്പർശിച്ചാണ് യാത്ര കടന്നുവന്നത്. അതും വന്യമൃഗശല്യം ഏറ്റവും രൂക്ഷമായ കാലഘട്ടത്തിൽ. യാത്ര നടക്കുന്ന ദിവസങ്ങളിൽ പോലും വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മലയോരവാസികൾ കൊല്ലപ്പെട്ട സംഭവങ്ങളുണ്ടായി.
ക്രൈസ്തവസഭകളുടെ നേതൃത്വത്തിൽ വന്യമൃഗശല്യത്തിനെതിരേ നിരവധി പ്രക്ഷോഭപരിപാടികൾ നടത്തിയെങ്കിലും രാഷ്ട്രീയ നേതൃത്വങ്ങളുടെയോ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയോ ഗൗരവപൂർവമായ ശ്രദ്ധ പതിയാത്ത പ്രശ്നമാണിത്.