മാര്‍ സ്ലീവാ മെഡിസിറ്റിയെയും രൂപതയെയും കളങ്കപ്പെടുത്താന്‍ ശ്രമം
Thursday, February 6, 2025 4:47 AM IST
പാലാ: പാലാ രൂപതയുടെ നിയന്ത്രണത്തിലുള്ള മാര്‍ സ്ലീവാ മെഡിസിറ്റിയെക്കുറിച്ച് അടിസ്ഥാനരഹിതമായ ചില ആരോപണങ്ങളാണ് ഒരു ഓണ്‍ലൈന്‍ മീഡിയ പ്രചരിപ്പിരിക്കുന്നതെന്ന് ആശുപത്രി സിഇഒ ജസ്റ്റിന് തോമസ് അറിയിച്ചു.
മലയോര മേഖലയിലെ ജനവിഭാഗങ്ങള്‍ക്കും അന്താരാഷ്ട്രാനിലവാരത്തിലുള്ള ആതുരശുശ്രൂഷകേന്ദ്രം വേണമെന്ന പാലാ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ദീര്‍ഘവീക്ഷണമാണ് മാര്‍ സ്ലീവാ മെഡിസിറ്റി എന്ന ആശയത്തിനു തുടക്കം കുറിച്ചതും പിന്നീട് യാഥാര്‍ഥ്യമാക്കിയതും.
ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പേട്രണ്‍സ് കെയര്‍ ചാരിറ്റി ഫണ്ടില്‍നിന്നു മൂന്നു കോടിയില്‍പരം രൂപ ജീവകാരുണ്യത്തിന്റെ ഭാഗമായി ആശുപത്രിയില്‍ ചെലവഴിച്ചിട്ടുണ്ട്. നഴ്സിംഗ് ട്രെയിനിയായി എടുക്കുന്നതിന് മറ്റുള്ള പല സ്ഥാപനങ്ങളിലും ഒരു വര്‍ഷമാണ് പരിശീലന കാലയളവ്. എന്നാല്‍, മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ആറു മാസം മാത്രമാണ് ട്രെയിനിംഗ് കാലയളവ്. 95 ശതമാനം ജീവനക്കാരും ആറു മാസം കഴിയുമ്പോള്‍ റെഗുലര്‍ ശമ്പളത്തില്‍ ജോലിയില്‍ നിയമിതരാകാറുണ്ട്.
ആശുപത്രി കമ്മിറ്റിയില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചുള്ള അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള നഴ്സ് -പേഷ്യന്റ് റേഷ്യോ പാലിച്ചും വരുന്നു. രൂപതയുടെ കര്‍ശന നിരീക്ഷണത്തിലും നിര്‍ദേശങ്ങളിലുമാണ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്. ഇതിനു അപ്പുറമുള്ള ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നതല്ലെന്നും സിഒ ജസ്റ്റിന് തോമസ് അറിയിച്ചു.