വണ്ടി വേണ്ട; നുള്ളിപ്പെറുക്കി കൊടുത്ത കാശെങ്കിലും തരൂ..!പാതിവില തട്ടിപ്പിന് ഇരയായത് പതിനായിരങ്ങൾ
സിജോ പൈനാടത്ത്
Thursday, February 6, 2025 6:11 AM IST
കൊച്ചി: ‘തൊഴിലുറപ്പു പണിക്കു പോയി കിട്ടിയ കാശില്‍ നിന്നു കൂട്ടിവച്ചു കൊടുത്തതാ സാറേ 60,000 രൂപ. ഒരു വണ്ടി അത്യാവശ്യമാണല്ലോന്നോര്ത്താ കാശു കൊടുത്തത്... പിള്ളേരുടെ പഠനത്തിനു പോലും പണത്തിനു നെട്ടോട്ടമോടുമ്പോഴാണ് ഞങ്ങളോട് ഈ കൊടുംചതി.....! വണ്ടി വേണ്ട; വാങ്ങിയ പണമെങ്കിലും തിരിച്ചു കിട്ടിയാ മതിയായിരുന്നു..!
കൊച്ചി പറവൂരിലെ ഒരു വീട്ടമ്മയുടെ സങ്കടത്തോടെയുള്ള വാക്കുകളാണിത്. നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ വുമണ്‍ ഓണ്‍ വീല്‍സ് പദ്ധതിയില്‍ ഇരുചക്രവാഹനത്തിനായി പണം കൊടുത്തു തട്ടിപ്പിനിരകളായ നൂറുകണക്കിന് വീട്ടമ്മമാരും സമാനമായ പരിഭവം പങ്കുവയ്ക്കുന്നുണ്ട്.
തട്ടിപ്പുകേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണന് അകത്തായതോടെ ഇരുചക്രവാഹനത്തിനായി വിവിധ ഏജന്‍സികള്‍ വഴി നാഷണല്‍ എന്‍ജിഒ കോണ്ഫെഡറേഷനിലേക്കു പണമടച്ച സ്ത്രീകളെല്ലാം ആശങ്കയിലാണ്. പണം നല്‍കിയവരിലധികവും സാധാരണക്കാരും ദിവസക്കൂലിക്കാരുമാണ്. തൊഴിലിനും അനുബന്ധ കാര്യങ്ങള്‍ക്കും അത്യാവശ്യമായതുകൊണ്ടു മാത്രം ഇരുചക്രവാഹനം വാങ്ങാന്‍ ആഗ്രഹിച്ചവര്‍. താലിമാല പണയംവച്ചു പണം കൊടുത്തവരും കൂട്ടത്തിലുണ്ട്.
ശരാശരി 1.20 ലക്ഷം രൂപ വിലയുള്ള വാഹനത്തിന് 50 ശതമാനം തുകയാണ് ഗുണഭോക്താക്കളില്‍നിന്നു കൈപ്പറ്റിയത്. ബാങ്കുവഴി എന്‍ജിഒ കോണ്‍ഫെഡറേഷന്റെ അക്കൗണ്ടിലേക്കാണ് ഓരോരുത്തരും തുക അയച്ചത്. പണമടച്ചതിന്റെ രേഖകള്‍ ഏജന്സിയ്ക്കു നല്കുമ്പോള് ടോക്കണ്‍ നല്‍കും. അച്ചടിച്ച നോട്ടീസ് രൂപത്തിലുള്ള ടോക്കണില്‍ ടോക്കണ്‍ നമ്പറോ, ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറോ ഇല്ല.
പ്രോജക്ട് ഇംപ്ലിമെന്റിംഗ്, കണ്‍സള്‍ട്ടിംഗ് ഏജന്‍സികളുടെ പേരുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വാഹനത്തിന്റെ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കി അപേക്ഷകയ്ക്കു കൈമാറുന്നതിന് കണ്‍സള്‍ട്ടിംഗ് ഏജന്‍സി ചുമതലപ്പെടുത്തിയിട്ടുള്ള വാഹന ഡീലറുടെ പേരും ടോക്കണിലുണ്ട്. ഹോണ്ട, ടിവിഎസ്, യമഹ എന്നീ കമ്പനികളുടെ വിവിധ മോഡലുകളാണ് നല്‍കുന്നതെന്നാണ് അധികൃതര്‍ പറഞ്ഞത്.
അതേസമയം നിശ്ചിത സമയത്തു വാഹനം കിട്ടാതായതോടെ പ്രോജക്ട് ഇംപ്ലിമെന്റിംഗ് ഏജന്‍സിയും കണ്‍സള്‍ട്ടിംഗ് ഏജന്‍സിയും ഡീലറും കൈമലര്‍ത്തുകയാണ്. പലയിടത്തും ഗുണഭോക്താക്കള്‍ക്കു ടോക്കണ്‍ നല്‍കിയവരുടെ ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
‘ഹാപ്പിനസ് ’ ചതി !
ഹാപ്പിനസ് ഇന്‍ഡക്സ് സൂചികയുടെ അടിസ്ഥാനത്തിലുള്ള സര്‍വേഫലങ്ങളുടെ ഭാഗമായി വനിതകളെ ശക്തീകരിക്കുന്നതിനാണ് വുമണ്‍ ഓണ്‍ വീല്‍സ് പദ്ധതി നടപ്പാക്കുന്നതെന്നു എന്‍ജിഒ കോണ്‍ഫെഡറേഷന്‍ പരസ്യങ്ങളിലും ടോക്കണിലും അവകാശപ്പെട്ടിരുന്നു.
വിവിധ സ്ഥാപനങ്ങളുടെ സിഎസ്ആര്‍ ഫണ്ട്, ക്രൗഡ് ഫണ്ട്, ഒന്നിച്ചു വാഹനങ്ങള്‍ വാങ്ങുമ്പോഴുള്ള ഇളവുകള്‍ എന്നിവ ചേര്‍ത്താണ് 50 ശതമാനം സബ്സിഡി നല്‍കുന്നതെന്നായിരുന്നു വിശദീകരണം.
ബാക്കി തുക കോൺഫെഡറേഷൻ നൽകിയശേഷമാണ് ഗുണഭോക്താക്കൾക്കു ടോക്കൺ നൽകുന്നതെന്ന് അറിയിച്ചിരുന്നെങ്കിലും വാഹനം കിട്ടിയവരേക്കാൾ പതിന്മടങ്ങാണ് കിട്ടാനുള്ളവർ.
വാഹനത്തിനു പുറമെ, വനിതകളായ ഗുണഭോക്താക്കൾക്ക് കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സേഫ്റ്റി ഡ്രൈവിംഗ്, സെല്‍ഫ് ഡിഫന്‍സ് എന്നിവയിലും പരിശീലനം നല്‍കുമെന്നും അറിയിപ്പുണ്ടായിരുന്നു.
തട്ടിപ്പ് അറിഞ്ഞിട്ടും നടപടിയുണ്ടായില്ല
സീഡ് സൊസൈറ്റിയുമായി ബന്ധപ്പെട്ട് വൻതോതിൽ തട്ടിപ്പ് നടക്കുന്നതായി സ്പെഷൽ ബ്രാഞ്ചിനടക്കം നേരത്തേ സൂചന ലഭിച്ചിരുന്നതായാണ് സൂചന. എന്നാൽ പരാതികളില്ലാത്തതിനാൽ കൂടുതൽ അന്വേഷണം നടന്നില്ല. അനന്തു നടത്തുന്ന തട്ടിപ്പ് സംബന്ധിച്ച് ബിജെപി സംസ്ഥാന സമിതിയംഗമായ കെ.എൻ. ഗീതാകുമാരിയും പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു.
എന്നാൽ ചുരുങ്ങിയ നാളുകൾക്കുള്ളിൽ സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കൻമാരുമായി അടുപ്പം സ്ഥാപിക്കാൻ പ്രതിക്ക് കഴിഞ്ഞതോടെ എതിർശബ്ദങ്ങളെല്ലാം നിശബ്ദമാകുന്ന നിലയായി. എല്ലാ ജില്ലകളിലും സീഡ് സൊസൈറ്റികൾ രൂപീകരിച്ച് മന്ത്രിമാർ, എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ അടക്കമുള്ളവരെ പങ്കെടുപ്പിച്ച് ഉപകരണങ്ങളുടെ വിതരണം നടത്തുകയും ഇതിന് പരമാവധി പ്രചാരണം നൽകുകയും ചെയ്ത് ആളുകളുടെ വിശ്വാസം ആർജിച്ചെടുത്തു.
പ്രമുഖ നഗരങ്ങളിലടക്കം പരിപാടികളുടെ കൂറ്റൻ ഫ്ളക്സ് ബോർഡുകളും സ്ഥാപിച്ചിരുന്നു. ചെറുപ്പത്തിൽ തന്നെ മികച്ച സംഘാടകനായിരുന്ന അനന്തു കൃഷ്ണന് ആരെയും കൈയിലെടുക്കാൻ പ്രത്യേക സാമർഥ്യമുണ്ടായിരുന്നു. അതിനാൽ തട്ടിപ്പിന്റെ പിന്നാന്പുറം തിരിച്ചറിയാൻ ആർക്കുമായില്ല. വീട്ടമ്മമാർക്ക് ഗൃഹോപകരണങ്ങൾ സബ്സിഡി നിരക്കിൽ നൽകിയാണ് തട്ടിപ്പിന്റെ തുടക്കം. പിന്നീട് കർഷകർക്ക് സബ്സിഡി നിരക്കിൽ വളം, ലാപ്ടോപ്പ്, പഠനോപകരണങ്ങൾ, ഭക്ഷ്യക്കിറ്റ്, സ്കൂട്ടർ, ഗൃഹോപകരണങ്ങൾ തുടങ്ങിയവയും വിതരണം ചെയ്തു.
ആദ്യം അപേക്ഷ നൽകിയ ഏതാനും പേർക്ക് ഉപകരണങ്ങൾ നൽകി വിശ്വാസം ആർജിച്ചു. ഇതോടെ കൂടുതൽപേർ അപേക്ഷയുമായി രംഗത്തെത്തി. ജില്ലയിലെ വിവിധയിടങ്ങളിൽ സീഡ് സൊസൈറ്റികൾ രൂപീകരിച്ചാണ് അപേക്ഷകൾ സ്വീകരിച്ചത്. അഡ്വാൻസ് തുക ജില്ലയ്ക്കു പുറത്തുള്ള ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാനായിരുന്നു നിർദേശം. ഇതനുസരിച്ച് ഉപഭോക്താക്കൾ പണം നേരിട്ട് ഈ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയും ചെയ്തു.
പറഞ്ഞസമയത്ത് സ്കൂട്ടർ ഉൾപ്പെടെ ലഭിക്കാതെ വന്നതോടെ പലരും പരാതിയുമായി ഓഫീസിൽ എത്തിയപ്പോൾ വേണമെങ്കിൽ പണം മടക്കിനൽകാമെന്നും അല്ലെങ്കിൽ ഏറ്റവും അടുത്തദിവസം തന്നെ സ്കൂട്ടർ നൽകാമെന്നും പറഞ്ഞതോടെ ഇതു വിശ്വസിച്ച് ആളുകൾ മടങ്ങുകയായിരുന്നു.
ഒടുവിൽ മൂവാറ്റുപുഴ പോലീസ് തട്ടിപ്പ് വീരനെ പിടികൂടിയതോടെയാണ് തങ്ങൾ ചതിക്കപ്പെട്ട വിവരം പലരും തിരിച്ചറിയുന്നത്. അബ്ദുൾകലാം എന്ന പേരിൽ കുട്ടികൾക്ക് കരിയർ ഗൈഡൻസ്, ബോധവത്കരണ ക്ലാസുകൾ തുടങ്ങിയവ സംഘടിപ്പിച്ചാണ് ആദ്യനാളുകളിൽ തട്ടിപ്പ് നടത്തിയത്. മൂലമറ്റം എസ്എച്ച് ഇംഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്നു പാലായിലെ സ്വകാര്യ കോളജിൽ നിന്നു ഡിഗ്രി കരസ്ഥമാക്കി.
പിതാവ് രാധാകൃഷ്ണൻ മരപ്പണിക്കാരനും മാതാവ് ശോഭന സപ്ലൈ ഓഫീസ് ജീവനക്കാരിയുമായിരുന്നു. ഒന്‍പതാം ക്ലാസിൽ പഠിക്കുന്പോൾ കൃഷിഭവന്റെ മികച്ച കുട്ടികർഷകനുള്ള അവാർഡും ലഭിച്ചിരുന്നു. സമീപനാളിൽ എറണാകുളത്ത് ്ഫ്ളാറ്റിലായിരുന്നു താമസം. നിരവധി ആഡംബരകാറുകളും സമീപനാളിൽ വാങ്ങിയിട്ടുണ്ട്. ഇതിനുപുറമെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ വൻതോതിൽ ഭൂമിയും വാങ്ങികൂട്ടിയതായാണ് പറയപ്പെടുന്നത്. റിമാൻഡിലുള്ള പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്തെങ്കിലേ തട്ടിപ്പിലെ പിന്നാന്പുറകഥകൾ കൂടുതൽ അറിയാനാകൂ.
18-ാം വയസിൽ 25 ലക്ഷം തട്ടി!
തൊടുപുഴ: സീഡ് സൊസൈറ്റി തട്ടിപ്പ് കേസിൽ അറസ്റ്റിലായ അനന്തു കൃഷ്ണൻ ബിജെപി സംസ്ഥാന സമിതിയംഗമായ കെ.എൻ.ഗീതാകുമാരിയിൽ നിന്നു നേരത്തെ 25 ലക്ഷം തട്ടിയെടുത്തിരുന്നു. സംഭവത്തിൽ ഗീതാകുമാരി നൽകിയ കേസ് മുട്ടം സിജെഎം കോടതിയുടെ പരിഗണനയിലാണ്.
വനിതാ കമ്മീഷൻ ഫാക്കൽറ്റിയായി പ്രവർത്തിച്ചുവന്നിരുന്ന കാലയളവിലാണ് അനന്തു കൃഷ്ണനെ പരിചയപ്പെടുന്നത്. മദ്യം, മയക്കുമരുന്ന്, മൊബൈൽഫോണ്‍ ഗെയിം തുടങ്ങിയ വിഷയങ്ങളിൽ വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ ഇടുക്കി, കോട്ടയം, ആലപ്പുഴ, കൊച്ചി എന്നീ ജില്ലകളിൽ കുട്ടികൾക്കായി ബോധവത്കരണ ക്ലാസുകൾ ക്രമീകരിച്ചിരുന്നതും അനന്തു കൃഷ്ണനായിരുന്നു. ഈ സമയത്തെ പരിചയം മുതലെടുത്താണ് പണം തട്ടിയെടുത്തത്. അന്ന് പ്രതിക്ക് 18 വയസ് മാത്രമായിരുന്നു പ്രായം.
തമിഴ്നാട്ടിലെ കോട്ടമലയിൽ പുതുതായി ആരംഭിക്കുന്ന ആശുപത്രിയുടെ എംഡി സ്ഥാനം തനിക്കു ലഭിക്കുന്നതിനായി 25 ലക്ഷം രൂപ നൽകണമെന്നു വിശ്വസിപ്പിച്ചാണ് പണം വാങ്ങിയത്. നാളുകൾക്കുള്ളിൽ പണം മടക്കിനൽകാമെന്ന് ഉറപ്പും നൽകി. അനന്തു കൃഷ്ണന്റെ മാതാവിനെ വിളിച്ച് വിവരം അന്വേഷിച്ചപ്പോൾ അവരും പണം നൽകാൻ നിർദേശിക്കുകയായിരുന്നു.സ്വർണം പണയം വച്ചും ബന്ധുക്കളിൽ നിന്നു കടംവാങ്ങിയും പണം സംഘടിപ്പിച്ചു നൽകുകയും ചെയ്തു.
പിന്നീട് തമിഴ്നാട്ടിൽ എത്തിയാൽ പണം തിരികെ നൽകാമെന്നു പറഞ്ഞതനുസരിച്ച് അവിടെ എത്തിയെങ്കിലും ലഭിച്ചില്ല. പിന്നീട് ചെക്ക് നൽകിയെങ്കിലും മടങ്ങി. മുട്ടം പോലീസിൽ പരാതിപ്പെട്ടതോടെ അനന്തുവിനെ വിളിച്ചുവരുത്തി മറ്റൊരു ചെക്ക് കൂടി വാങ്ങിനൽകിയെങ്കിലും ഇതും മടങ്ങി. ഇതോടെ ഗീതാകുമാരി ഹൈക്കോടതിയിൽ നൽകിയ കേസ് മുട്ടം സിജെഎം കോടതിയിലേക്ക് മാറ്റുകയായിരുന്നു. ഈ കേസ് ഇവിടെ നടന്നുവരികയാണ്.