ക്രിസ്മസ് ബംപർ കണ്ണൂരിൽ
Thursday, February 6, 2025 6:11 AM IST
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ് നവവത്സര ബംപർ (BR 101) ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 20 കോടി രൂപ XD387132 നമ്പർ ടിക്കറ്റിനു ലഭിച്ചു. തിരുവനന്തപുരത്ത് ധന മന്ത്രി കെ. എൻ. ബാലഗോപാലാണു നറുക്കെടുത്തത്. കണ്ണൂർ ജില്ലയിലെ ഏജൻസി (C- 3789) വിറ്റ ടിക്കറ്റിനാണ് ബംപർ സമ്മാനം ലഭിച്ചിരിക്കുന്നത്.
രണ്ടാം സമ്മാനമായി 20 പേർക്ക് ഓരോ കോടി രൂപ വീതവും ലഭിക്കും. ഒന്നാം സമ്മാനക്കാരനെ കണ്ടെത്തിയിട്ടില്ല.
ആകെ 50 ലക്ഷം ടിക്കറ്റുകൾ വില്പനയ്ക്ക് എത്തിച്ചതിൽ 47,65,650 ടിക്കറ്റുകളും വിറ്റു പോയി. കഴിഞ്ഞ വർഷത്തെ ക്രിസ്മസ് ബംപറിനെ അപേക്ഷിച്ച് 2,58,840 ടിക്കറ്റുകൾ ഇത്തവണ അധികമായി വിറ്റഴിച്ചു.
എംഎൽഎമാരായ ആന്റണി രാജു, വി. കെ. പ്രശാന്ത്, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ ഏബ്രഹാം റെൻ, ഭാഗ്യക്കുറി വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു. നാടിന്റെ പുരോഗതിക്ക് സംസ്ഥാന ഭാഗ്യക്കുറി നൽകുന്നതു വലിയ സംഭാവനയാണന്നു പുതിയ സമ്മർ ബംപർ ഭാഗ്യക്കുറി പ്രകാശനം ചെയ്തുകൊണ്ട് ധനമന്ത്രി പറഞ്ഞു.
കേരള ഭാഗ്യക്കുറി അയൽ സംസ്ഥാനക്കാർക്കൊക്കെ അദ്ഭുതമാണെന്നും ഇത്രത്തോളം ആധികാരികതയോടെ എങ്ങനെ ലോട്ടറി നടത്താൻ കഴിയുന്നു എന്നവർ അന്വേഷിക്കാറുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.