അംഗീകൃത ധനകാര്യ സ്ഥാപനങ്ങളുടെ ഹൈപ്പോതിക്കേഷനു മാത്രം അംഗീകാരം
Thursday, February 6, 2025 6:09 AM IST
ചാത്തന്നൂർ: വാഹനങ്ങൾക്ക് അംഗീകൃത ധനകാര്യ സ്ഥാപനങ്ങൾ ഹൈപ്പോതിക്കേഷൻ നടത്തിയാൽ മാത്രമേ മോട്ടോർ വാഹന വകുപ്പ് അംഗീകരിക്കുകയുള്ളൂ. ബാങ്കുകൾ, റിസർവ് ബാങ്കിന്റെ അംഗീകൃത ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽനിന്നുള്ള ഹൈപ്പോതിക്കേഷൻ മാത്രമേ മാർച്ച് ഒന്നു മുതൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റി (ആർസി) ൽ ഉൾപ്പെടുത്തുകയുള്ളൂ.
വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ഹൈപ്പോതിക്കേഷനുമായി ബന്ധപ്പെട്ട സേവനങ്ങളും ഡിജിറ്റൈസ് ചെയ്യും. ബാങ്കുകൾ അംഗീകൃത ധനകാര്യ സ്ഥാപനങ്ങൾ എന്നിവ മാത്രമേ പരിവാഹൻ പോർട്ടലുമായി ബന്ധിപ്പിക്കൂ. പരിവാഹനുമായി ബന്ധിപ്പിച്ച ബാങ്കുകൾ, അംഗീകൃത ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള ഹൈപ്പോതിക്കേഷൻ മാത്രമേ ആർസിയിൽ ഉൾപ്പെടുത്തുകയുള്ളൂ. ഇതുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭിക്കുകയുമുള്ളൂ.
അനധികൃത പണമിടപാട് സ്ഥാപനങ്ങളുടെ ചൂഷണത്തിൽനിന്നു വാഹന ഉടമകളെ സംരക്ഷിക്കാൻ ഇതു മൂലം കഴിയുമെന്നാണ് കരുതപ്പെടുന്നത്. മാർച്ച് ഒന്നു മുതൽ ആർസി കാർഡ് രൂപത്തിൽ വിതരണം ചെയ്യില്ല. ഡിജിറ്റലായി മാത്രമേ ലഭിക്കുകയുള്ളൂ എന്നും മോട്ടോർ വാഹനവകുപ്പ് അധികൃതർ അറിയിച്ചു.