സിപിഐക്ക് എതിർപ്പ്; സ്വകാര്യ സർവകലാശാലാ കരട് ബിൽ കൂടുതൽ ചർച്ചയ്ക്കായി മാറ്റി
Thursday, February 6, 2025 5:45 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നല്‍കാനുള്ള കരട് ബിൽ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം പരിഗണിച്ചില്ല. സിപിഐയുടെ എതിർപ്പിനെത്തുടർന്നാണിത്.
സ്വകാര്യ സർവകലാശാലയ്ക്ക് അനുമതി നല്കുന്നതിനു മുന്‍പ് അക്കാര്യത്തിൽ കൂടുതൽ പഠനം വേണമെന്നു കൃഷിമന്ത്രി പി. പ്രസാദ് മന്ത്രിസഭാ യോഗത്തിൽ ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണു കൂടുതൽ ചർച്ചകൾക്കായി ബിൽ മാറ്റിവച്ചത്.
സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നല്‍കുന്നതിനുള്ള ബിൽ ഈ സഭാസമ്മേളന കാലയളവിൽത്തന്നെ അവതരിപ്പിക്കാനായിരുന്നു മുന്‍പ് സർക്കാർ തീരുമാനം. ഇതിന്റെ ഭാഗമായിട്ടായിരുന്നു ഇന്നലെ കരട് ബിൽ അനുമതിക്കായി മന്ത്രിസഭായോഗത്തിൽ വന്നത്. ഇതു രണ്ടാം തവണയാണു കരട് ബിൽ മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരത്തിനായി എത്തിയത്.
സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫ് ഉൾപ്പെടെയുള്ളവർ സ്വകാര്യ സർവകലാശാലയ്ക്കെതിരേ ശക്തമായി രംഗത്തു വന്നതോടെയാണു സിപിഐയും ഇത്തരത്തിൽ നിലപാടെടുത്തതെന്നാണു സൂചന. സ്വകാര്യ സർവകലാശാല അനാവശ്യമാണെന്ന നിലപാടാണ് എഐവൈഎഫ് സ്വീകരിച്ചത്. സ്വകാര്യ സർവകലാശാലാ വിഷയത്തിൽ എൽഡിഎഫ് യോഗത്തിൽ ആർജെഡി തങ്ങളുടെ എതിർപ്പ് അറിയിച്ചിരുന്നതായി ദേശീയ സെക്രട്ടറി വർഗീസ് ജോർജും പ്രതികരിച്ചു.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് സംസ്ഥാനത്തേക്കു വിദേശ സർവകലാശാലകളെ ക്ഷണിച്ചപ്പോൾ അതിനെതിരേ രംഗത്തു വന്ന സിപിഎം തന്നെ ഇപ്പോൾ സ്വകാര്യ സർവകലാശാലയ്ക്കായി രംഗത്തു വന്നുവെന്നതും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ മേഖലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ ഏജൻസികൾക്കു സ്വകാര്യ സർവകലാശാല ആരംഭിക്കാനുള്ള അനുമതി നല്‍കുന്നതായിരുന്നു സർക്കാർ മുന്നോട്ടുവച്ച കരട് ബിൽ. സ്വകാര്യ സർവകലാശാല ആരംഭിക്കുന്നതിനു സർവകലാശാല സ്പോണ്സറിംഗ് ഏജൻസി പ്രോജക്ട് റിപ്പോർട്ട് സഹിതം സർക്കാരിലേക്ക് അപേക്ഷ സമർപ്പിക്കണം. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, ഏതെങ്കിലും ഒരു സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ ഉൾപ്പെടെയുള്ളവർ അടങ്ങുന്ന സർക്കാർതല സമിതി അപേക്ഷകൾ പരിശോധിച്ച് ശിപാർശ ചെയ്യും. വൈസ് ചാൻസലർ, അധ്യാപകനിയമനം ഇവയെല്ലാം യുജിസി മാനദണ്ഡപ്രകാരം വേണമെന്നും കരട് ബില്ലിൽ നിർദേശിക്കുന്നു.
ഗവേണിംഗ് കൗണ്‍സിൽ, എക്സിക്യൂട്ടീവ് കൗണ്‍സിൽ, അക്കാദമിക് കൗണ്‍സിൽ തുടങ്ങിയ സമിതികൾ രൂപവത്കരിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളും കരട് ബില്ലിൽ വ്യക്തമാക്കിയിരുന്നു. കരട് ബിൽ മന്ത്രിസഭ അംഗീകരിക്കാത്ത പശ്ചാത്തലത്തിൽ ഈ സഭാ സമ്മേളനത്തിൽ ബിൽ നിയമസഭയുടെ പരിഗണനയ്ക്കു വരുമോ എന്നാണ് ഇനി അറിയേണ്ടത്.