കേരള രാജ്യാന്തര ഊർജമേള ഏഴു മുതല്‍
Thursday, February 6, 2025 6:09 AM IST
തിരുവനന്തപുരം: എനർജി മാനേജ്മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ ഇന്റർനാഷണൽ എനർജി ഫെസ്റ്റിവൽ ഓഫ് കേരള (ഐഇഎഫ്കെ) സംഘടിപ്പിക്കുന്നു. തൈക്കാട് പോലീസ് ഗ്രൗണ്ടിൽ ഏഴിന് ഉച്ചയ്ക്ക് രണ്ടിനു മന്ത്രി കെ. കൃഷ്ണൻകുട്ടി മേള ഉദ്ഘാടനം ചെയ്യുമെന്ന് എനർജി മാനേജ്മെന്റ് സെന്റർ ഡയറക്ടർ ഡോ. ആർ. ഹരികുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഊർജ കാര്യക്ഷമത ഉറപ്പുവരുത്തുക, കാർബൺ ബഹിർഗമനം കുറയ്ക്കുക, എന്നിവയാണു മേളയുടെ ലക്ഷ്യം. ഊർജ കാര്യക്ഷമമായ ഉപകരണങ്ങൾ, ഇലക്ട്രിക് കുക്കിംഗ്, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെയും ഇവയുടെ പ്രവർത്തനത്തിനാവശ്യമായ പുനരുപയോഗ ഊർജസ്രോതസുകളുടെയും പ്രദർശനം, സാങ്കേതിക സെഷനുകൾ, പാനൽ ചർച്ചകൾ, എൽഇഡി റിപ്പയർ സെഷൻ, കേരള സ്റ്റുഡന്റ്സ് എനർജി കോൺഗ്രസ്, മറ്റ്പ്രദർശനങ്ങൾ, വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി മെഗാക്വിസ് തുടങ്ങിയവയും നടക്കും. മേള ഒൻപതിനു സമാപിക്കും.
എനർജി മാനേജ്മെന്റ് സെന്റർ രജിസ്ട്രാർ ബി. വി. സുഭാഷ് ബാബു, എനർജി ടെക്നോളജിസ്റ്റ് ശരത് കൃഷ്ണൻ, അനൂപ് സുരേന്ദ്രൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.