കർണാടകത്തിൽ മലയാളി നഴ്സിംഗ് വിദ്യാർഥിനി ജീവനൊടുക്കി
Thursday, February 6, 2025 5:45 AM IST
കണ്ണൂർ: കർണാടക രാമനഗരയിലെ ദയാനന്ദ സാഗർ കോളജിലെ ഒന്നാം വർഷ ബിഎസ്സി നഴ്സിംഗ് വിദ്യാർഥിനിയായ മുഴപ്പിലങ്ങാട് കടവ് റോഡിനു സമീപത്തെ ഗോകുലം വീട്ടിൽ വിനീത്-ഐശ്വര്യ ദന്പതികളുടെ മകൾ അനാമികയെ(19) കോളജ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ചൊവ്വാഴ്ച വൈകുന്നേരമാണു സംഭവം. സഹപാഠികൾ എത്തിയപ്പോൾ അനാമികയുടെ മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു.
കോളജ് അധികൃതരുടെ മാനസികപീഡനം കാരണമാണു വിദ്യാർഥിനി ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. മരിക്കുന്നതിനു മുന്പ് അനാമിക ബന്ധുവിനയച്ച ശബ്ദസന്ദേശവും കോളജ് അധികൃതർക്കെതിരേയാണ്. ""ഇനി ഞാൻ ഇവിടെ നിന്നിട്ട് കാര്യമുണ്ടെന്നു തോന്നുന്നില്ല, പാസാക്കാതെ സപ്ലിയടിച്ച് വിടുകയേയുള്ളൂ, ഇന്ന് എന്റെ മുഖത്ത് നോക്കി ചോദിച്ചതു കേട്ടിട്ട് എനിക്ക് ഇവിടെ നിൽക്കാനേ തോന്നുന്നില്ല, വട്ടാണോയെന്നൊക്കെ ചോദിച്ചു, സർട്ടിഫിക്കറ്റ് തിരിച്ചുതരണമെങ്കിൽ വലിയ തുക നൽകണം. അതിനിടെ സസ്പെൻഷനും കിട്ടി. ഞാൻ ഇനി ഇവിടെ നിന്നിട്ട് കാര്യമില്ലാലോ'. ഇതായിരുന്നു ആ ശബ്ദസന്ദേശം.
കോളജ് അധികൃതർ പല കാരണങ്ങൾ പറഞ്ഞ് വലിയതുക ഫൈനായി ഈടാക്കുകയും അത് നൽകാത്തതിനെത്തുടർന്ന് മാനസികമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് കുടുംബം ആരോപിക്കുന്നത്.
അനാമികയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്നലെ രാത്രി മുഴപ്പിലങ്ങാട്ടെ വീട്ടിലെത്തിച്ചു. സംസ്കാരം ഇന്നു നടക്കും. വിനായകൻ ഏക സഹോദരനാണ്.