മുനമ്പം ഭൂമി പ്രശ്നം: ഹൈക്കോടതി ഉത്തരവ് കാത്ത് കമ്മീഷൻ
Sunday, February 2, 2025 3:18 AM IST
കൊച്ചി: മുനമ്പത്തെ ഭൂമിത്തര്‍ക്ക വിഷയത്തില്‍ അന്വേഷണത്തിനായി സംസ്ഥാന സർക്കാർ നിയമിച്ച സി.എൻ. രാമചന്ദ്രൻനായർ കമ്മീഷന്റെ തുടർപ്രവർത്തനങ്ങൾ അനിശ്ചിതത്വത്തിൽ.
കമ്മീഷന്റെ നിയമസാധുത ചോദ്യം ചെയ്തു ഹൈക്കോടതിയിലെത്തിയ കേസും ഇതിൽ സർക്കാരെടുത്ത നിലപാടുമാണ് പ്രതിസന്ധിയായത്. ഇതോടെ തുടർപ്രവർത്തനങ്ങൾക്ക് ഹൈക്കോടതിയുടെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണു കമ്മീഷൻ.
കമ്മീഷന് ജുഡീഷല്‍, അര്‍ധ ജുഡീഷല്‍ അധികാരങ്ങളില്ലെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയത്. വസ്തുതാ അന്വേഷണമാണു കമ്മീഷൻ നടത്തുന്നതെന്നും ഉടമസ്ഥാവകാശ തര്‍ക്കത്തില്‍ തീരുമാനമെടുക്കാനോ ശിപാര്‍ശകള്‍ സ്വമേധയാ നടപ്പാക്കാനോ അധികാരമില്ലെന്നും സർക്കാർ നിലപാടെടുത്തു.
മുനമ്പം കമ്മീഷന്റെ നിയമനം ചോദ്യം ചെയ്തു ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ, മുനന്പത്തെ താമസക്കാരനും ഭൂസംരക്ഷണസമിതി നേതാവുമായ ജോസഫ് റോക്കിയും കക്ഷി ചേർന്നിട്ടുണ്ട്. കേസിൽ ഹൈക്കോടതിയുടെ ഉത്തരവ് നാളെ ഉണ്ടാകുമെന്നാണു പ്രതീക്ഷ.
ഹൈക്കോടതിയുടെ തീരുമാനം വന്നതിനുശേഷമാകും തുടർപ്രവർത്തനങ്ങളെന്ന് കമ്മീഷൻ ഓഫീസ് അധികൃതർ അറിയിച്ചു. ഇതിനകം വിവിധ ഘട്ടങ്ങളിലായി ഹിയറിംഗും വിവരശേഖരണവും നടത്തിയ കമ്മീഷൻ ഫെബ്രുവരിയിൽ സർക്കാരിന് റിപ്പോർട്ട് നൽകുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.