ഡിസിഎൽ സംസ്ഥാന ടാലന്റ് ഫെസ്റ്റ് ഇന്ന് അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്കൂളിൽ
Saturday, February 1, 2025 1:53 AM IST
അങ്കമാലി: ദീപിക ബാലസഖ്യം സംസ്ഥാന ടാലന്റ് ഫെസ്റ്റ് ഇന്ന് അങ്കമാലി വിശ്വജ്യോതി സിഎംഐ പബ്ലിക് സ്കൂളിൽ നടക്കും. രാവിലെ ഒന്പതിന് രജിസ്ട്രേഷൻ. 9.15ന് പതാക ഉയർത്തൽ. 9.30ന് മത്സരങ്ങൾ ആരംഭിക്കും.
ഉച്ചകഴിഞ്ഞ് മൂന്നിനു നടക്കുന്ന സമാപനസമ്മേളനം അങ്കമാലി നഗരസഭ ആക്ടിംഗ് ചെയർപേഴ്സൺ സിനി മനോജ് ഉദ്ഘാടനം ചെയ്യും. എറണാകുളം പ്രവിശ്യ ലീഡർ ആവേ മരിയ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ദീപിക ജനറൽ മാനേജർ (സർക്കുലേഷൻ) ഫാ. ജിനോ പുന്നമറ്റത്തിൽ മുഖ്യപ്രഭാഷണം നടത്തും. കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ ആമുഖപ്രഭാഷണം നടത്തും.
ഡിസിഎൽ പിആർ കോ-ഓർഡിനേറ്റർ ഫാ. പോൾ മണവാളൻ, നാഷണൽ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ, വിശ്വജ്യോതി പബ്ലിക് സ്കൂൾ മാനേജർ ഫാ. അഗസ്റ്റിൻ മാന്പിള്ളി സിഎംഐ, അസോസിയേറ്റ് ഡയറക്ടർ ഫാ. ആഞ്ചലോ ചക്കനാട്ട് സിഎംഐ, ടാലന്റ് ഫെസ്റ്റ് ജനറൽ കൺവീനർ ജി.യു. വർഗീസ് തുടങ്ങിയവർ പ്രസംഗിക്കും.
പ്രസംഗം, ലളിതഗാനം, ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ ഗാനം, ചെറുകഥാരചന, കവിതാരചന, ഉപന്യാസരചന എന്നീയിനങ്ങളിൽ എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങൾ തിരിച്ചാണു മത്സരം. സംസ്ഥാനത്തെ വിവിധ ഡിസിഎൽ പ്രവിശ്യാതല മത്സരങ്ങളിൽ വിജയികളായവരാണ് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുന്നത്.
ഡിസിഎൽ പ്രവിശ്യ കോ-ഓർഡിനേറ്റർമാർ, മേഖല ഓർഗനൈസർമാർ തുടങ്ങിയവർ മത്സരങ്ങൾക്ക് നേതൃത്വം നൽകും. വിജയികൾക്കുള്ള സമ്മാനങ്ങൾ സമാപനസമ്മേളനത്തിൽ വിതരണം ചെയ്യും.