ആൺസുഹൃത്തിന്റെ മർദനമേറ്റു മരിച്ച യുവതിയുടെ സംസ്കാരം നടത്തി
Sunday, February 2, 2025 1:26 AM IST
തൃപ്പൂണിത്തുറ: ആൺസുഹൃത്തിന്റെ മർദനത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ചോറ്റാനിക്കരയിലെ യുവതിയുടെ മൃതദേഹം സംസ്കരിച്ചു. കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഉച്ചകഴിഞ്ഞ് 2.30 ഓടെ മൃതദേഹം വീട്ടിലെത്തിച്ചു.
അമ്മയും അടുത്ത ബന്ധുക്കളും അന്ത്യോപചാരമർപ്പിച്ചശേഷം 3.30 ഓടെ സംസ്കാരത്തിനായി നടമേൽ പള്ളിയിലെത്തിച്ചു. കഴിഞ്ഞ 25ന് രാത്രി നടന്ന മൃഗീയമർദനത്തിനു ശേഷം ഒരാഴ്ച നീണ്ട ദുരിതപർവങ്ങൾക്കൊടുവിലാണ് യുവ തിയുടെ മണ്ണിലേക്കുള്ള മടക്കം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് യുവതി മരിച്ചത്.
ആരോഗ്യസ്ഥിതി ഗുരുതരമായിരുന്ന യുവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ മുതൽ വെന്റിലേറ്ററിലായിരുന്നു. പ്രതി അനൂപിനെ തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ വീട്ടിലെത്തിയിരുന്ന അനൂപിന്റെ മറ്റു സുഹൃത്തുക്കളെക്കുറിച്ചുള്ള വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.