കോസ്റ്റ് ഗാര്‍ഡിന്റെ പ്രൗഢി തെളിയിച്ച് അഭ്യാസപ്രകടനങ്ങള്‍
Sunday, February 2, 2025 1:27 AM IST
കൊച്ചി: കടല്‍ക്കൊള്ളക്കാര്‍ ഇന്ത്യന്‍ കപ്പല്‍ തട്ടിയെടുത്തെന്ന സന്ദേശത്തെത്തുടര്‍ന്ന് രണ്ട് ഇന്റര്‍സെപ്റ്റര്‍ ബോട്ടുകളിലും ചേതക് ഹെലികോപ്റ്ററിലുമായി കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡോകള്‍ എത്തുന്നു. നിമിഷങ്ങള്‍ക്കകം ആ കപ്പൽ വളഞ്ഞ് അതിനുള്ളിലേക്ക് ഇരച്ചുകയറി കടല്‍ക്കൊള്ളക്കാരെ കീഴ്പ്പെടുത്തുന്നു.
കോസ്റ്റ് ഗാര്‍ഡ് 49-ാം സ്ഥാപകദിനത്തോടനുബന്ധിച്ച ് ‘കടലില്‍ ഒരു ദിനം’പരിപാടിയിലാണ് കാഴ്ചക്കാരെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി കോസ്റ്റ് ഗാര്‍ഡിന്റെ അഭ്യാസപ്രകടനങ്ങള്‍ അരങ്ങേറിയത്. അറബിക്കടലില്‍ 22 നോട്ടിക്കല്‍ മൈല്‍ അകലെ നടന്ന അഭ്യാസ പ്രകടനത്തിന് ആദ്യാവസാനംവരെ സാക്ഷിയായി കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും ഉണ്ടായിരുന്നു. കടലില്‍ അകപ്പെട്ടയാളെ രക്ഷിക്കുന്ന ചേതക് ഹെലികോപ്റ്റര്‍, തിരമാലകളെ കീറിമുറിച്ച് കുതിക്കുന്ന യുദ്ധക്കപ്പലുകളും ഫാസ്റ്റ് പട്രോളിംഗ് ബോട്ടുകളും, ആകാശനിരീക്ഷണം നടത്തുന്ന ഡോണിയര്‍ വിമാനങ്ങള്‍...
തീരസംരക്ഷണ സേനയുടെ കരുത്ത് തെളിയിക്കുന്ന പ്രകടനമാണ് ആഴക്കടലില്‍ ഇന്നലെ മണിക്കൂറോളം അരങ്ങേറിയത്. വിവിധയിനം തോക്കുകള്‍കൊണ്ടുള്ള ഫയറിംഗ്, കടലില്‍നിന്നു കപ്പലും ഹെലികോപ്റ്ററും ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍, അടിയന്തരഘട്ടങ്ങളില്‍ അവശ്യസാധനങ്ങള്‍ കപ്പലിലേക്ക് എത്തിക്കുന്നതുമെല്ലാം കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥർ ഗവര്‍ണര്‍ക്കു മുന്നില്‍ അവതരിപ്പിച്ചു.
കോസ്റ്റ് ഗാള്‍ഡ് കപ്പലുകളായ ഐസിജിഎസ് സമര്‍ഥ്, സക്ഷം, തീര നിരീക്ഷണത്തിന് ഉപയോഗിക്കുന്ന ഫാസ്റ്റ് പട്രോളിംഗ് വെസലുകളായ അര്‍ണവേഷ്, അഭിനവ് എന്നിവയും രണ്ട് ഇന്റര്‍സെപ്റ്റര്‍ ബോട്ടുകളും രണ്ട് ചേതക് ഹെലികോപ്റ്ററുകളും രണ്ട് ഡോണിയര്‍ വിമാനങ്ങളും അഭ്യാസപ്രകടനത്തില്‍ ഉണ്ടായിരുന്നു.
കേരള, മാഹി കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡര്‍ ഡിഐജി എന്‍. രവി ഗവര്‍ണറെ ഐസിജിഎസ് സമര്ഥിലേക്ക് സ്വീകരിച്ചു. തുടര്‍ന്ന് ഗവര്‍ണര്‍ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി. കപ്പലിന്റെ മുകള്‍ത്തട്ടിലിരുന്ന് അഭ്യാസപ്രകടനങ്ങള്‍ ആദ്യാവസാനംവരെ ഗവര്‍ണറും ഭാര്യ അനഘ അര്‍ലേക്കറും വീക്ഷിച്ചു. കടലിലെ വെല്ലുവിളികള്‍ നേരിടാനും തീരസുരക്ഷയും സമുദ്രസുരക്ഷയും ഉറപ്പാക്കാനും കോസ്റ്റ് ഗാര്‍ഡ് സര്‍വസജ്ജമാണെന്ന സന്ദേശമാണ് ഇത്തരം അഭ്യാസപ്രകടനങ്ങള്‍ നല്‍കുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു.