പോക്സോ കേസ് അതിജീവിത നേരിട്ടത് ക്രൂരമായ പീഡനങ്ങൾ
Saturday, February 1, 2025 1:53 AM IST
ചോറ്റാനിക്കര: പോക്സോ കേസ് അതിജീവിത നേരിട്ടത് ക്രൂരമായ പീഡനങ്ങൾ. കഴിഞ്ഞ 25ന് രാത്രി മുതൽ 26 പുലർച്ചെവരെ യുവതിയുടെമേൽ ക്രൂരമായ ആക്രമണമാണ് അനൂപ് നടത്തിയത്. ലഹരിക്കേസിലും അടിപിടിക്കേസിലും പ്രതിയായ അനൂപ് യുവതിയെ ഇൻസ്റ്റഗ്രാം വഴിയാണു പരിചയപ്പെട്ടത്.
അടുപ്പം മുതലെടുത്ത് വീട്ടിലെത്തിയ അനൂപ് യുവതിക്കും ലഹരി കൈമാറിയിരുന്നുവെന്ന് പറയുന്നു. പരസ്പരമുള്ള സംശയത്തെത്തുടർന്ന് യുവതിയെ ആക്രമിക്കുന്നതും പതിവായിരുന്നു. യുവതിയുടെ ശരീരത്തിൽ പഴക്കമേറിയ പരിക്കിന്റെ പാടുകൾ ധാരാളമുണ്ടായിരുന്നു.
എന്നാൽ മുന്പില്ലാത്ത വിധമുള്ള ആക്രമണമാണു സംഭവം നടന്ന രാത്രി അനൂപിൽനിന്നുണ്ടായത്. വീടിനു പുറത്ത് മറ്റൊരു യുവാവിനെ കണ്ടതിൽ പ്രകോപിതനായ പ്രതി യുവതിയെ മൃഗീയമായി മർദിക്കുകയായിരുന്നു. തല ഭിത്തിയിൽ ഇടിപ്പിച്ചു. ശ്വാസംമുട്ടിച്ചു.
ചുറ്റികയ്ക്ക് തലയിലും വയറിലും ഇടിച്ചു. ആക്രമണത്തെത്തുടർന്ന് മരിക്കാനായി യുവതി ഫാനിൽ കുരുക്കിട്ടു പിടഞ്ഞപ്പോൾ ഷാൾ മുറിച്ച് താഴേയ്ക്കിട്ട പ്രതി വീണ്ടും മുഖം അമർത്തി ശ്വാസംമുട്ടിക്കുകയായിരുന്നു. അബോധാവസ്ഥയിലായ യുവതി മരിച്ചുവെന്ന് കരുതിയാണ് യുവാവ് വീടു വിട്ടത്. പിറ്റേന്ന് യുവതിയെ കണ്ടെത്തുമ്പോൾ കൈയിലെ മുറിവിൽ ഉറുമ്പരിക്കുകയായിരുന്നു.