വെറ്ററിനറി സർവകലാശാലയ്ക്ക് ബോംബ് ഭീഷണി
Saturday, February 1, 2025 3:09 AM IST
കൽപ്പറ്റ: ബോംബ് ഭീഷണിയുമായി കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലാ വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും ഇ മെയിൽ സന്ദേശം.
സർവകലാശാലാ കാന്പസിൽ ബോംബ് വച്ചിട്ടുണ്ടെന്നും അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാർഷികദിനത്തിൽ പ്രതികാരം ചെയ്യുമെന്നുമാണ് സന്ദേശം.
നിവേദിത പെത്തുരാജ് എന്ന ഇ മെയിൽ ഐഡിയിൽനിന്നാണ് സന്ദേശം എത്തിയത്. ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റിലും ബോംബ് വച്ചിട്ടുണ്ടെന്നും ഡിഎംകെ നേതാവ് കല്യാണസുന്ദരത്തിന് പിങ്ക് കവർ അയച്ചിട്ടുണ്ടെന്നും സന്ദേശത്തിൽ പറയുന്നു.
അഫ്സൽ ഗുരുവിന്റെയും അണ്ണാ യൂണിവേഴ്സിറ്റിയിലെ പ്രഫ.ചിത്രകല ഗോപാലന്റെയും പേര് സന്ദേശത്തിൽ പരാമർശിക്കുന്നുണ്ട്. നക്സൽ നേതാവ് എസ്. മാരനാണ് ബോംബ് വച്ചതെന്നും സന്ദേശത്തിൽ പറയുന്നു.
രാവിലെ ഏഴോടെയാണ് ഇ മെയിൽ ലഭിച്ചതെന്നും വിവരം ഉടൻ പോലീസിനു കൈമാറിയെന്നും വൈസ് ചാൻസലർ ഡോ.കെ.എസ്. അനിൽ പറഞ്ഞു. പരിശോധനയിൽഒന്നും കണ്ടെത്താനായില്ല.