ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറയ്ക്കൽ വിവരങ്ങൾ ശേഖരിച്ചു
Sunday, February 2, 2025 3:18 AM IST
തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് പകുതിയാക്കി വെട്ടിക്കുറച്ച നടപടി വിവാദമായതിനു പിന്നാലെ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇതുസംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചു.
വെട്ടിക്കുറച്ച പദ്ധതികളുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇത് എത്രത്തോളം വിദ്യാർഥികളെ ബാധിക്കുമെന്നതും അടക്കമുള്ള വിവരങ്ങളാണ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ നേതൃത്വത്തിൽ ശേഖരിച്ചത്.
ഇതുസംബന്ധിച്ച വിവരങ്ങൾ പഠിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നാണു വിവരം. സംസ്ഥാനം നേരിടുന്ന കടുത്ത സാന്പത്തിക പ്രതിസന്ധിയുടെ ഭാഗമായി പ്ലാനുകൾ 50 ശതമാനം വെട്ടിച്ചുരുക്കാനുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷ സ്കോളർഷിപ്പുകൾ പകുതിയാക്കി ചുരുക്കിയത്.
പ്രഫ. ജോസഫ് മുണ്ടശേരി സ്കോളർഷിപ്പ്, സിവിൽ സർവീസസ് ഫീസ് റീ ഇന്പേഴ്സ്മെന്റ്, വിദേശത്തു പഠിക്കാനുള്ള ന്യൂനപക്ഷ വിദ്യാർഥികൾക്കായുള്ള സ്കോളർഷിപ്പ്, മദർ തെരേസ സ്കോളർഷിപ്പ് എന്നിവയടക്കം ഒൻപത് സ്കോളർഷിപ്പുകളാണു വെട്ടിക്കുറച്ചത്.
സ്കോളർഷിപ്പ് തുക വെട്ടിക്കുറച്ച തീരുമാനത്തിനെതിരേ പ്രതിപക്ഷവും ക്രൈസ്തവ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.