വരുന്നു, റെയിൽവേയിൽ കോച്ച് റസ്റ്ററന്റുകൾ
Saturday, February 1, 2025 1:53 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: ട്രെയിനിൽ യാത്ര ചെയ്യാതെ തന്നെ കോച്ചിനുള്ളിൽ ഇരുന്ന് ഇനി മുതൽ കുശാലായി ഇഷ്ട ഭക്ഷണം കഴിക്കാം. ഇത്തരത്തിൽ വേറിട്ട അനുഭവം നൽകുന്ന പദ്ധതി പരീക്ഷണ അടിസ്ഥാനത്തിൽ രാജ്യത്തെ അഞ്ച് റെയിൽവേ സ്റ്റേഷനുകളിൽ ഉടൻ നിലവിൽ വരും. പശ്ചിമ റെയിൽവേ ആണ് "റെയിൽ കോച്ച് റസ്റ്ററന്റുകൾ' എന്ന നൂതന പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.
അഹമ്മദാബാദ് ഡിവിഷനിലെ മഹേശന, സബർമതി, അംബ്ലി റോഡ്, ഭുജ്, ഗാന്ധിധാം എന്നിവിടങ്ങളിലാണ് റെയിൽ കോച്ച് റസ്റ്ററന്റുകൾ ആദ്യ ഘട്ടത്തിൽ തുടങ്ങുക. പരീക്ഷണം വിജയിച്ചാൽ കൂടുതൽ സ്ഥലങ്ങളിൽ വ്യാപിപ്പിക്കാനും അധികൃതർക്ക് പദ്ധതിയുണ്ട്.
കാലഹരണപ്പെട്ട (ഡീ കമ്മീഷൻ ചെയ്ത) ട്രെയിൻ കോച്ചുകളാണ് റസ്റ്ററന്റുകളായി രൂപമാറ്റം വരുത്തുന്നത്.
യാത്രക്കാർക്കും സ്റ്റേഷനുകൾ സന്ദർശിക്കുന്നവർക്കും അടക്കം ഭക്ഷണം കഴിക്കുന്നതിനുള്ള ഇൻഡോർ, ഔട്ട് ഡോർ സീറ്റിംഗ് സംവിധാനം റസ്റ്ററന്റുകളിൽ ഉണ്ടാകും.
ഇവ എയർ കണ്ടീഷൻ ചെയ്ത മൾട്ടി-ക്യൂസിൻ അനുഭവം ആയിരിക്കും പ്രദാനം ചെയ്യുക.
ഓരോ റസ്റ്ററന്റിലും പൂർണമായും സജ്ജീകരിച്ച അടുക്കള, വൈവിധ്യമാർന്ന മെനു, കുട്ടികൾക്കായി പ്രത്യേക കളിസ്ഥലം എന്നിവയും ഉണ്ടാകും.
പരിസ്ഥിതി സൗഹൃദ അന്തരീക്ഷത്തിലായിരിക്കും റസ്റ്ററന്റുകളുടെ പ്രവർത്തനം. മാത്രമല്ല കുടുംബ സൗഹൃദ അന്തരീക്ഷവും സമ്മാനിക്കും.
സ്റ്റേഷനുകളിലെ സ്ഥലങ്ങൾ ഫലപ്രദമായി വിനിയോഗിച്ചായിരിക്കും റസ്റ്ററന്റുകളുടെ പ്രവർത്തനം. പഴയ കോച്ചുകൾ പുനർ നിർമിക്കുന്നതിലൂടെ യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ നൽകുക എന്ന ലക്ഷ്യവും ഈ ആശയത്തിന് പിന്നിലുണ്ട്.
24 മണിക്കൂറും പ്രവർത്തിക്കുന്നതായിരിക്കും റസ്റ്ററന്റുകൾ. അതിവേഗ പാഴ്സൽ ഡെലിവറിക്കായി ടേക്ക് എവേ കൗണ്ടറുകളും ഉണ്ടാകും. ഈ പദ്ധതി റെയിൽവേയുടെ യാത്രാ ടിക്കറ്റ് ഇതര വരുമാനത്തിൽ ഗണ്യമായ സംഭാവന നൽകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.