ദിവ്യയെ പിണക്കാതിരിക്കാൻ സിപിഎം നേതാക്കളുടെ വെപ്രാളം: കോൺഗ്രസ്
Saturday, February 1, 2025 2:25 AM IST
കണ്ണൂർ: നവീൻ ബാബുവിനു കൈക്കൂലി നല്കിയെന്ന് ആരോപിച്ച ടി.വി. പ്രശാന്തൻ നുണപരിശോധനയ്ക്കു തയാറാണെന്ന് അറിയിച്ചിട്ടും അന്വേഷണസംഘം അതിനു തയാറായിട്ടില്ലെന്ന സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ പ്രസ്താവന ഗൂഢാലോചനയുടെ ഭാഗമാണെന്നു ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്.
പി.പി. ദിവ്യയെ പിണക്കിയാൽ പല സിപിഎം നേതാക്കളുടെയും മുഖംമൂടി അഴിഞ്ഞുവീഴുമെന്ന വെപ്രാളം നേതൃത്വത്തിനുണ്ടെന്നതിന്റെ തെളിവാണ് ഇത്തരം പ്രസ്താവനയ്ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഡിസിസിയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മാർട്ടിൻ ജോർജ്.
പുകമറ സൃഷ്ടിച്ച് നവീൻ ബാബുവിനെ കൈക്കൂലിക്കാരനാക്കി മുദ്രകുത്തുക എന്ന അജൻഡയാണു ഇതിനു പിന്നിൽ. ഒട്ടേറെ ബിനാമി ഇടപാടുകൾ പുറത്തുവന്നിട്ടും പി.പി. ദിവ്യയെ സംരക്ഷിക്കാനാണു ശ്രമം.
പാർട്ടിയിലെ പല നേതാക്കൾക്കും ബിനാമി ഇടപാടുകളിലും പങ്കുണ്ടെന്നതിനാലാണു ദിവ്യയെ സംരക്ഷിക്കാൻ സിപിഎം നേതൃത്വം ശ്രമിക്കുന്നത്. മൂന്നു ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഷെറിനെ വിട്ടയയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനു പിന്നിൽ ഭരണ പക്ഷത്തുള്ള ഒരു മന്ത്രിയുടെ ഇടപടെലാണെന്ന് ആരോപണമുണ്ട്.
സിപിഎമ്മിലെ വനിതാ നേതാക്കൾ ഉൾപ്പെട്ട ജയിൽ ഉപദേശക സമിതി ഷെറിനുവേണ്ടി മാത്രം ശിപാർശ നൽകിയത് ഉന്നത കേന്ദ്രങ്ങളിൽനിന്നുള്ള സമ്മർദത്തെ തുടർന്നാണ്-മാർട്ടിൻ ജോർജ് പറഞ്ഞു.