ബ്രൂവറി അനുമതി പഠിക്കാൻ സിപിഐ
Saturday, February 1, 2025 2:25 AM IST
തിരുവനന്തപുരം: പാലക്കാട്ട് സ്വകാര്യ കമ്പനിക്കു ബ്രൂവറി അനുവദിച്ച സർക്കാർ തീരുമാനം ഇടതുമുന്നണിയിലും വിവാദമായിരിക്കെ പദ്ധതിയെ സംബന്ധിച്ചു കൂടുതൽ പഠിച്ചു റിപ്പോർട്ടു നൽകാൻ നേതാക്കളെ ചുമതലപ്പെടുത്തി സിപിഐ.
മന്ത്രിമാരായ പി.പ്രസാദിനോടും കെ.രാജനോടും പദ്ധതിയെ സംബന്ധിച്ചു വിശദമായ റിപ്പോർട്ടു നൽകാനാണു പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടിരിക്കുന്നത്. ബ്രൂവറി പ്രവർത്തിപ്പിക്കാനാകില്ലെന്നു സിപിഐ പാലക്കാട് ജില്ലാ കൗണ്‍സിൽ ശക്തമായ നിലപാടു സ്വീകരിച്ച സാഹചര്യത്തിലാണിത്.
അനാവശ്യ ഇടപെടൽ നടത്തി ബ്രൂവറി പദ്ധതി ഇല്ലാതാക്കേണ്ടെന്ന നിലപാടിലാണു സിപിഐ സംസ്ഥാന നേതൃത്വം. എന്നാൽ നയപരമായ കാര്യമായതിനാൽ ഇടതുമുന്നണിയിൽ ചർച്ച ചെയ്യേണ്ടതായിരുന്നുവെന്ന വികാരവും നേതൃത്വത്തിൽ ചിലർക്കുണ്ട്. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പദ്ധതിക്ക് എതിരല്ല.