ആൺസുഹൃത്തിന്റെ ക്രൂരമർദനമേറ്റ് ചികിത്സയിലിരുന്ന അതിജീവിത മരിച്ചു
Saturday, February 1, 2025 3:09 AM IST
ചോറ്റാനിക്കര: ആൺസുഹൃത്തിന്റെ ക്രൂരമർദനത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന ചോറ്റാനിക്കരയിലെ പോക്സോ കേസ് അതിജീവിത മരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്കാണു മരിച്ചത്.
ആരോഗ്യസ്ഥിതി ഗുരുതരമായിരുന്ന യുവതിയെ കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ മുതൽ വെന്റിലേറ്ററിലായിരുന്നു. മർദനത്തിൽ യുവതിയുടെ തലച്ചോറിന് ഗുരുതര പരിക്കേറ്റു.
ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ച നിലയിലായിരുന്നു. ഇൻക്വസ്റ്റിനുശേഷം യുവതിയുടെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.
യുവതിയെ ക്രൂരമായി ആക്രമിച്ച ആൺസുഹൃത്ത് തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് കുഴിപ്പുറത്ത് അനൂപി (24)നെ കഴിഞ്ഞ ബുധനാഴ്ച ചോറ്റാനിക്കര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡിലാണ്. യുവതി മരിച്ച സാഹചര്യത്തിൽ അനൂപിന്റെമേൽ നിലവിലുള്ള കുറ്റകൃത്യങ്ങൾക്കു പുറമെ കൊലക്കുറ്റവും ചുമത്തും.
യുവതിയെ ആക്രമിച്ചതിൽ അനൂപിനെ കൂടാതെ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കും. സംഭവത്തിനുശേഷം ഞായറാഴ്ച പുലർച്ച അനൂപിനെ യുവതിയുടെ വീട്ടിൽനിന്നു വാഹനത്തിൽ തിരികെ കൊണ്ടുപോയ സുഹൃത്തിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് അബോധാവസ്ഥയിൽ അർധനഗ്നയായ നിലയിൽ യുവതിയെ വീടിനുള്ളിൽ കണ്ടെത്തിയത്.