സ്വത്ത് തർക്കം: വീടിനു തീ വച്ച് മകൻ മാതാപിതാക്കളെ ചുട്ടുകൊന്നു
Sunday, February 2, 2025 1:27 AM IST
മാന്നാർ: വീടിന് തീ കൊളുത്തി വൃദ്ധ മാതാപിതാക്കളെ മകൻ ചുട്ടുകൊന്നു. ചെന്നിത്തല തൃപ്പെരുന്തുറ കോട്ടമുറിയിൽ കൊറ്റോട്ട് കാവിൽ രാഘവൻ (96), ഭാര്യ ഭാരതി (90) എന്നിവരാണ് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് മകൻ വിജയ (65) നെ മാന്നാർ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ പുലർച്ചെ മൂന്നിനാണ് സംഭവം.
ഇതുവഴി വന്ന ഓട്ടോറിക്ഷാക്കാരനാണ് വീടിന് തീ പിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട് പരിസരവാസികളെ അറിയിച്ചത്. മാന്നാർ പോലീസും മാവേലിക്കരയിൽനിന്നുള്ള അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തീ അണച്ച് നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും മൃതദേഹം കട്ടിലിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
വീടിനുള്ളിലും പുറത്തും പെട്രോൾ ഒഴിച്ച ശേഷം വിജയൻ തീ കൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൃത്യം നടത്തിയ ശേഷം സ്ഥലത്തുനിന്നു കടന്നുകളഞ്ഞ പ്രതിയെ സംഭവ സ്ഥലത്തിന് 300 മീറ്റർ അകലെനിന്നു നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രൻ ഐപിഎസ്, ഡിവൈഎസ്പി എം.കെ. ബിനുകുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിനു ശേഷം മാവിലക്കര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കും.