വയനാട് ദുരന്തം: വായ്പ എഴുതിത്തള്ളലിൽ കേന്ദ്രനിലപാട് തേടി കോടതി
Saturday, February 1, 2025 3:09 AM IST
കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളുന്ന കാര്യത്തില്‍ കേന്ദ്രത്തോടു നിലപാട് തേടി ഹൈക്കോടതി. വിഷയത്തില്‍ കേന്ദ്രം മൗനം തുടരുകയാണെന്ന് ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, എസ്. ഈശ്വരന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി.
മാസങ്ങളായി ഇതുസംബന്ധിച്ച് കോടതി ചോദ്യങ്ങള്‍ തുടര്‍ന്നിട്ടും മറുപടിയില്ലാത്തതിനാല്‍ ഇക്കാര്യത്തിലെ നടപടി ഉടന്‍ അറിയിക്കാനും കോടതി നിര്‍ദേശിച്ചു. ഇന്ന് അവതരിപ്പിക്കുന്ന ബജറ്റില്‍ നടപടി പ്രതീക്ഷിക്കുന്നുവെന്ന മറുപടിയാണ് കേന്ദ്രം നല്‍കിയത്. ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
ദുരന്തബാധിതരുടെ പുനരധിവാസത്തിനായി നിര്‍മിക്കുന്ന വീടിന് ചതുരശ്രയടിക്ക് 3,000 രൂപയെന്ന നിരക്കില്‍ ചെലവ് നിശ്ചയിച്ചതില്‍ അപാകതയുള്ളതായി അമിക്കസ് ക്യൂറി അറിയിച്ചു.
ലൈഫ് മിഷന് പദ്ധതിപ്രകാരം ചതുരശ്രയടിക്ക് 400 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ടൗണ്ഷിപ്പിന്റെയടക്കം രൂപരേഖ തയാറാക്കിയ കിഫ്ബിയുടെ സബ്സിഡിയറിയായ കിഫ്കോണിന് ഇക്കാര്യത്തില്‍ മതിയായ സാങ്കേതിക പരിജ്ഞാനമുണ്ടോയെന്ന കാര്യത്തിലും അമിക്കസ് ക്യൂറി സംശയം പ്രകടിപ്പിച്ചു. പുനര്‍നിര്‍മാണ ജോലികള്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കു മാത്രമായി നല്‍കുന്നത് ഒഴിവാക്കേണ്ടതാണെന്ന ആവശ്യവുമുന്നയിച്ചു.
എന്നാല്‍, ഡല്‍ഹി നിരക്കിലാണ് നിര്‍മാണച്ചെലവ് നിശ്ചയിച്ചിരിക്കുന്നതെന്നും നൂറോളം വീടുകള്‍ വയ്ക്കുന്ന സാഹചര്യത്തില്‍ ഈ തുകയില്‍ കാര്യമായ കുറവുണ്ടാകുമെന്നും സര്‍ക്കാര്‍ അഭിഭാഷകന് അറിയിച്ചു. ഊരാളുങ്കല്‍ സൊസൈറ്റിയുടെ 80 ശതമാനം ഓഹരി സര്‍ക്കാരിന്റേതാണെന്നും വിശദീകരിച്ചു. നിര്‍മാണപ്രവര്‍ത്തനം നടക്കട്ടെയെന്നും കാര്യങ്ങള്‍ കോടതിയുടെ മേല്‍നോട്ടത്തിലാകും നടക്കുകയെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.